തിരുവനന്തപുരം: സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കി, വാങ്ങുന്നത് മാത്രം കുറ്റകരമാക്കി 1961ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യും. ഇതിനുള്ള കരട് ബിൽ നിയമ പരിഷ്കരണ കമീഷന് സര്‍ക്കാറിന് കൈമാറി. നിലവിലെ നിയമത്തില്‍ സ്ത്രീധനം നൽകുന്നതും വാങ്ങുന്നതും കുറ്റകരമാണ്. സ്ത്രീധനം നൽകിയതിന് കുറ്റക്കാരാവുമെന്ന ഭയംമൂലം പലപ്പോഴും വധുവും വീട്ടുകാരും പരാതിയിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ, വാങ്ങുന്നത് മാത്രം കുറ്റകരമാക്കണമെന്നാണ് കമീഷന്റെ സുപ്രധാന ഭേദഗതി നിർദേശം.
നിലവില്‍ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചുവര്‍ഷത്തില്‍ കുറയാത്ത തടവും 15,000 രൂപയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ വലുത് അത്രയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഭേദഗതി വരുമ്പോൾ സ്ത്രീധനം വാങ്ങുന്നത് മൂന്നു മുതൽ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാകും. പിഴത്തുക 50,000 മുതല്‍ ലക്ഷം രൂപ വരെയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതല്‍ അത്രയുമാക്കും. നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെടുന്നത് ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഭേദഗതിയിലൂടെ പിഴ 50,000 രൂപയാക്കി.
പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകള്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ട്. നിലവിലെ നിയമം കാര്യക്ഷമമാണെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ നിരവധി സ്ത്രീകള്‍ ഇരയാക്കപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് കമീഷന് ഭേദഗതി നിർദേശിച്ചത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ഗാര്‍ഹിക പീഡനവും സ്ത്രീധന നിരോധന നിയമ പരിധിയില്‍ വരും. ഇതിനായി നിയമത്തില്‍ പുതിയ വ്യവസ്ഥയാണ് കമീഷന് നിർദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.