കേസുകളിലെ അന്തിമ വിധി പുറപ്പെടുവിക്കാൻ എ.ഐ ഉപയോഗിക്കരുത്; ചാറ്റ് ജി.പി.ടി, ഡീപ് സീക്ക് ടൂളുകൾക്ക് വിലക്ക്

തിരുവനന്തപുരം: കേസുകളിൽ എഐ ഉപയോഗിക്കുന്നതിന് മാർഗ നിർദേശവുമായി കേരള ഹൈകോടതി. രാജ്യത്താദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം നടപ്പാലാക്കുന്നത്.

കേസുകളിലെ അന്തിമ വിധി പുറപ്പെടുവിക്കുന്നതുൾപ്പെടെയുള്ള ജുഡീഷ്യൽ തീരുമാനങ്ങളിൽ ഏതൊരു സാഹചര്യത്തിലും ജഡ്ജിമാർ എ.ഐ ഉപയോഗിക്കരുതെന്നാണ് മാർഗ നിർദേശം. ഡീപ് സീക്ക്, ചാറ്റ് ജി.പി.ടി എന്നീ എ,ഐ ടൂളുകളുടെ ഉപയോഗവും കോടതി നടപടികളിൽ ഉപയോഗിക്കരുതെന്നും നിർദേശത്തിലുണ്ട്.

ജുഡീഷ്യൽ നടപടികളിൽ എ.ഐയുടെ ഉത്തരവാദിത്തപരമായ ഉപയോഗം, സ്വകാര്യതാ അവകാശങ്ങളുടെ സംരക്ഷണം, സുരക്ഷാ സങ്കീർണതകളെ അഭിസംബോധന ചെയ്യുക, നിയമപരവും ധാർമികവുമായ കടമ പാലിക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പുതിയ മാർഗ നിർദേശം പുറത്തിറക്കിയത്.

നിയമപരമായ തീരുമാനം എടുക്കുന്നതിൽ ഒരു സാഹചര്യത്തിലും എ.ഐ‍നെ ആശ്രയിക്കരുതെന്ന് കോടതി പറയുന്നു. എ.ഐ ഉപയോഗത്തെക്കുറിച്ചുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ എല്ലാ ജുഡീഷ്യൽ അംഗങ്ങളോടും ജീവനക്കാരോടും കോടതി നിർദേശിക്കുന്നു.

പ്രധാന മാർഗ നിർദേശങ്ങൾ

1)ഔദ്യോഗിക ആവശ്യങ്ങൾക്ക് എ.ഐ.ഉപയോഗിക്കുന്നത് ഒരു തരത്തിലും സുതാര്യതയെയും വിശ്വാസ്യതയെയും സ്വകാര്യതയെയും ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ജുഡീഷ്യൽ അംഗങ്ങളുടെയും ജീവനക്കാരുടെയും ഉത്തരവാദിത്തമാണ്.

2)ഹൈകോടതി അംഗീകാരമില്ലാത്ത ഡീപ്പ് സീക്ക്, ചാറ്റ് ജിപിടി ഉൾപ്പെടെയുള്ള എ.ഐ ടൂളുകൾ ഉയോഗിക്കാൻ പാടില്ല. വ്യക്തിഗത വിവരങ്ങളുടെയും ആശയ വിനിമയങ്ങളുടെയും രഹസ്യ സ്വഭാവം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഇത്.

3)അംഗീകൃത എ.ഐ ടൂളായാൽപ്പോലും അതിന്‍റെ വിശ്വാസ്യ യോഗ്യത ഉറപ്പു വരുത്തണം. എല്ലാ നിയമപരമായ ഉദ്ധരണികളും റഫറൻസുകളും ജൂഡീഷ്യൽ ഓഫീസർമാർ കൃത്യമായി പരിശോധിക്കണം.

4) നിയമ ബുക്കുകൾ പരിഭാഷ ചെയ്യുമ്പോൾ യോഗ്യരായ പരിഭാഷകരെ കൊണ്ട് പരിശോധിക്കണം.

5) കേസ് ഷെഡ്യൂളിങ്, ,കോടതി മാനേജ്മെന്‍റ് ഉൾപ്പെടെയുള്ള നടപടികളിൽ എ.ഐ ഉപയോഗിക്കുമ്പോൾ മാനുഷിക മേൽ നോട്ടം ഉറപ്പായും ഉണ്ടാകണം.

6) കോടതി ഉത്തരവുകളിലെ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്തം പൂർണമായും ജഡ്ജിമാർക്കായതിനാൽ അവ തയാറാക്കാൻ ഒരു ഘട്ടത്തിലും എ.ഐ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഉത്തരവുകൾ വിതരണം ചെയ്യുന്നതിനു മാത്രമേ ഉവ ഉപയോഗിക്കാവൂ.

7) എ.ഐ ടൂളുകൾ ഉപയോഗിക്കുന്ന എല്ലാ നടപടികളും ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കണം.

8) കോടതി അംഗീകരിച്ച എ.ഐ. ടൂളുകൾ ഉപയോഗിച്ച് തെറ്റുകൾ സംഭവിച്ചാൽ അത് ഉടൻതന്നെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജിനെയും ഹൈകോടതിയിലെ ഐ.ടി ഡിപ്പാർട്മെന്‍റിനെയും അറിയിക്കണം.

Tags:    
News Summary - Kerala High Court issues guidelines on using AI in judicial decisions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.