തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ വർധിക്കുമ്പോഴും താഴേത്തട്ടിൽ ആവശ്യമായ ജീവനക്കാരുടെ സേവനം ഉറപ്പാക്കാതെ കെ.എസ്.ഇ.ബി. എല്ലാ ഓഫിസുകളിലും വർക്കർ, ലൈൻമാൻ തസ്തികകളിൽ ആവശ്യമായ ജീവനക്കാരെ നിയോഗിക്കാൻ നടപടി സ്വീകരിക്കുന്നില്ല. വൈദ്യുതി കണക്ഷനുകളുടെ എണ്ണവും ഉപയോഗവും വർധിക്കുമ്പോൾ ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ഥാപനത്തിന്റെ നഷ്ടം കുറക്കാനെന്ന പേരിൽ താഴേത്തട്ടിലുള്ള ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത് വൈദ്യുതി വിതരണരംഗത്തെ സുരക്ഷ ഉറപ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തെതുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ലൈനുകളുടെ സുരക്ഷ പരിശോധിക്കാന്‍ വകുപ്പ് മന്ത്രി ശനിയാഴ്ച നിർദേശം നൽകി. ആവശ്യത്തിന് ജീവനക്കാരില്ലാതെ ഇത്തരം പരിശോധനകൾ എങ്ങനെ കാര്യക്ഷമമായി നടപ്പാക്കുമെന്നാണ് ചോദ്യം. 1990 കളിൽ 36 ലക്ഷം ഉപഭോക്താക്കൾ മാത്രമുള്ളപ്പോൾ കെ.എസ്.ഇ.ബിയിൽ 30,000 ജീവനക്കാർ ഉണ്ടായിരുന്നു. ഉപഭോക്താക്കളുടെ എണ്ണം വലിയതോതിൽ വർധിച്ചപ്പോൾ ജീവനക്കാരുടെ എണ്ണം കുറഞ്ഞു.
നിലവിൽ 24,000 ഓളം ജീവനക്കാരാണുള്ളത്. വർക്കർമാരുടെ അംഗീകൃത തസ്തിക 5311 ആണെങ്കിലും നിലവിൽ ജോലിചെയ്യുന്നത് 1313 പേരാണ്. 3998 ഒഴിവുകൾ നികത്താൻ നടപടിയില്ല. ലൈൻമാൻ ഗ്രേഡ് ഒന്നിൽ 3058 ഉം ഗ്രേഡ് രണ്ടിൽ 1194ഉം ഒഴിവുണ്ട്. മറ്റ് തസ്തികകളിലും വിരമിക്കുന്നതിന് ആനുപാതികമായി നിയമനം നടക്കുന്നില്ല.
2016ലെ ദീർഘകാല കരാർപ്രകാരം എല്ലാ സെക്ഷനിലും ഘട്ടംഘട്ടമായി ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഏതാനും സെക്ഷനുകളിൽ മാത്രമാണ് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തയത്.
ഷിഫ്റ്റ് ഏർപ്പെടുത്തുമ്പോൾ നിലവിലെ അംഗീകൃത തസ്തികകൾ വീണ്ടും കൂട്ടേണ്ടിവരും. അംഗീകൃത തസ്തികൾ കുറക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന ആരോപണം ശക്തമാണ്. ജീവനക്കാരുടെ കുറവടക്കം സ്ഥപാനം നേരിടുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സി.എം.ഡിക്ക് കത്ത് നൽകിയതായി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ലൈനുകളുടെ സുരക്ഷാപരിശോധന സമയബന്ധിതമായി നടത്താന്‍ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകി. സുരക്ഷാപരിശോധന കാര്യക്ഷമമായി പൂർത്തിയാക്കുന്നതിന് കെ.എസ്.ഇ.ബിയും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സമീപകാലത്ത് നടന്ന വൈദ്യുതി അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ചപ്പോൾ ലൈനുകളുടെ സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്ന് ബോധ്യമായെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.