പാലക്കാട്: പുതിയ ലൈനുകൾ പണിയുന്നതും ലൈനുകളിൽ ശേഷി വർധിപ്പിക്കുന്നതുമായ എല്ലാ ജോലികൾക്കും സുരക്ഷിതമായ ഏരിയൽ ബഞ്ച്ഡ് കേബ്ൾസ് (എ.ബി.സി) ഉപയോഗിക്കണമെന്ന കെ.എസ്.ഇ.ബിയുടെ നിർദേശം കടലാസിലൊതുങ്ങിയത് കൊല്ലം തേവലക്കരയിലെ സ്കൂൾ വിദ്യാർഥിയുടേതടക്കം വൈദ്യുതിമരണങ്ങൾക്ക് കാരണമായി. നാലു വർഷം മുമ്പ് ഇറക്കിയ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് ഉത്തരവ് അവഗണിക്കപ്പെട്ടത് ഉന്നത ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയാണ്.
പൊതുജനങ്ങളുടെ ദേഹത്ത് കമ്പി തട്ടി വൈദ്യുതാഘാതമുണ്ടാകുന്നത് ഒഴിവാക്കാൻ നിയോഗിച്ച സബ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2021 ജൂണിൽ മുഴുസമയ ഡയറക്ടർമാരുടെ യോഗം എ.ബി കേബിളുകൾ സാങ്കേതികമായും സാമ്പത്തികമായും നടപ്പാക്കാമെന്ന വിലയിരുത്തലിൽ നടപടിക്ക് നിർദേശിച്ചത്. 2021-2022 മുതൽ എല്ലാ സർവിസ്, മെയിൻ ലൈനുകളും എ.ബി.സിയാക്കണമെന്നായിരുന്നു ഉത്തരവ്.
എന്നാൽ, പുതിയ കണക്ഷൻ നൽകാനും സിംഗ്ൾ ഫേസ് ലൈനുകൾ ത്രീഫേസ് ആക്കാനും പുതിയ ലൈൻ നിർമാണത്തിനും ഇൻസുലേഷൻ ഇല്ലാത്ത സാധാരണ കമ്പികൾ നിർബാധം ഉപയോഗിക്കുന്നത് കെ.എസ്.ഇ.ബി തുടർന്നു. എ.ബി കേബിളുകൾ ആവശ്യത്തിന് ലഭ്യമാക്കാനും പുതിയ കണക്ഷനുകൾ നൽകുമ്പോൾ എ.ബി.സി ലൈനുകൾ നിർബന്ധമാക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല.
ആവശ്യത്തിന് സുരക്ഷാഅകലം ഇല്ലാത്ത സ്ഥലങ്ങളിൽ എ.ബി. കേബിളുകൾ ഉപയോഗിക്കാമെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സുരക്ഷാമാനദണ്ഡങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആർ.ഡി.എസ്.എസ് പോലുള്ള ചില കേന്ദ്രപദ്ധതികളിലും കെ.എസ്.ഇ.ബിയുടെതന്നെ ദ്യുതി പദ്ധതിയിലും എ.ബി കേബിളുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ആവശ്യമുള്ളത് ലഭിക്കുന്നില്ലെന്നാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ പറയുന്നത്.
പലപ്പോഴും എ.ബി കേബിളുകൾ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് സാധാരണ ഇൻസുലേഷനില്ലാത്ത കമ്പികൾ ഇട്ട് പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടിവരുകയാണ്. ത്രീഫേസ് ലൈനുകളിൽ മാത്രമാണ് എ.ബി കേബിളുകൾ ഉപയോഗിച്ചുവരുന്നത്. സിംഗ്ൾ ഫേസ് ലൈനുകളിൽ ഉപയോഗിച്ചുതുടങ്ങിയിട്ടുമില്ല. കമ്പി പൊട്ടിവീണ് അപകടമുണ്ടായ ഭൂരിഭാഗം ലൈനുകളും പറമ്പിലൂടെയും മറ്റും വലിച്ച ലൈനുകളാണ്.
എന്നിട്ടും സിംഗ്ൾ ഫേസ് ലൈനുകൾ എ.ബി കേബിളാക്കുന്ന കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ കെ.എസ്.ഇ.ബി എടുത്തിട്ടില്ല. കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥർ വിതരണമേഖലയിൽ താഴെത്തട്ടിൽ പ്രവർത്തന പരിചയമില്ലാത്തവരാണെന്നും പ്രസരണ, ഉൽപാദന മേഖലയിലെ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലെടുക്കുന്ന തീരുമാനങ്ങളാണ് ഇത്തരം വീഴ്ചകൾക്കിടയാക്കുന്നതെന്നുമാണ് കെ.എസ്.ഇ.ബിക്കകത്തുനിന്നുതന്നെ ഉയരുന്ന ആരോപണം.
• ഇൻസുലേഷൻ ഉള്ളതിനാൽ സുരക്ഷിതം
• പൊട്ടിവീഴില്ല
• തൊട്ടാൽ ഷോക്കടിക്കില്ല
• അധികം സ്ഥലം ആവശ്യമില്ല
• വൈദ്യുതിച്ചോർച്ചയില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.