ഗ്രാമവികസന വകുപ്പ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയ ഭക്ഷ്യ സംസ്കരണ
പോഷകാഹാര കേന്ദ്രവും ഹോസ്റ്റൽ കെട്ടിടവും
ബാലുശ്ശേരി: ബാലുശ്ശേരി ഭക്ഷ്യ സംസ്കരണ പോഷകാഹാര കേന്ദ്രത്തിന് ശാപമോക്ഷം. ഗ്രാമവികസന വകുപ്പിനു കീഴിൽ വർഷങ്ങളായി പ്രവർത്തനരഹിതമായി കെട്ടിടങ്ങളടക്കം ശോച്യാവസ്ഥയിലായിരുന്ന ഭക്ഷ്യ സംസ്കരണ പോഷകാഹാര കേന്ദ്രം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കൈമാറി ഉത്തരവിറക്കി. കേന്ദ്രം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്നതോടെ ഭക്ഷ്യ സംസ്കരണ പോഷകാഹാര രംഗത്തെ മികച്ച കേന്ദ്രമാക്കി ഉയർത്താനുള്ള സാഹചര്യമാണ് ഒരുങ്ങുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, വൈസ് പ്രസിഡന്റ് ടി.എം. ശശി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എ.സി. ഷൺമുഖദാസ് ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കെ ഗ്രാമവികസന വകുപ്പ് ഗ്രാമവികസന വകുപ്പിന് കീഴിൽ 1987ൽ ബാലുശ്ശേരി ബ്ലോക്ക് ഓഫിസ് കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിച്ച ഭക്ഷ്യ സംസ്കരണ പോഷകാഹാര കേന്ദ്രം ദക്ഷിണേന്ത്യയിലെതന്നെ ഏക കേന്ദ്രമായിരുന്നു.
ഇവിടെനിന്ന് ഉൽപാദിപ്പിച്ച അച്ചാർ, ജാമുകൾ, സ്ക്വാഷ് എന്നിവ സംസ്ഥാനതലത്തിൽതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഭക്ഷ്യ വസ്തുക്കളായിരുന്നു. ഭക്ഷ്യ പോഷകാഹാര സംസ്കരണ രംഗത്ത് ജില്ലക്കകത്തും പുറത്തുംനിന്നുമായി ഒട്ടേറെ പേർക്ക് പരിശീലനവും നൽകിയിരുന്നു. പരിശീലനം നേടാനെത്തുന്നവർക്കായി ഹോസ്റ്റൽ കെട്ടിടവും നിർമിച്ചിരുന്നെങ്കിലും ക്രമേണ സ്ഥാപനം പ്രവർത്തനരഹിതമായി കെട്ടിടങ്ങളും യന്ത്രസാമഗ്രികളുമടക്കം ജീർണാവസ്ഥയിലാകുകയായിരുന്നു.
ലക്ഷകണക്കിന് രൂപ വിലയുള്ള പുതിയ ഗ്രൈന്റിങ് മെഷീനുകളും ഫ്ലോർ മിൽ യന്ത്രങ്ങളും ഒരിക്കൽപോലും പ്രവർത്തിക്കാതെ ഇവിടെ തുരുമ്പെടുത്ത് നശിച്ചു. ഗ്രാമവികസന വകുപ്പിനു കീഴിൽ കാര്യക്ഷമമായ ഇടപെടൽ ഇല്ലാത്തതിനാൽ സ്ഥാപനം നാശോന്മുഖമായ അവസ്ഥയിലായതിനെതടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രത്യേക പ്രമേയത്തിലൂടെ സ്ഥാപനം ഏറ്റെടുക്കാനുള്ള സന്നദ്ധത എം.എൽ.എയെയും സർക്കാറിനെയും അറിയിച്ചിരുന്നു.
ഇതേതുടർന്ന് 2021ൽ അന്നത്തെ തദ്ദേശ മന്ത്രി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഭക്ഷ്യ സംസ്കരണ പോഷകാഹാര കേന്ദ്രം ബ്ലോക്ക് പഞ്ചായത്തിനു കൈമാറാൻ തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ, പ്രസ്തുത തീരുമാനം സാങ്കേതിക കാരണങ്ങളാൽ നടപ്പാകാതെ നീണ്ടുപോയി. ഇതുസംബന്ധിച്ച് കെ.എം. സച്ചിൻദേവ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും കേന്ദ്രത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് തദ്ദേശ മന്ത്രി എം.ബി. രാജേഷിന് നിവേദനവും നൽകി. തുടർന്നാണ് കഴിഞ്ഞ ആറിന് ഭക്ഷ്യ സംസ്കരണ പോഷകാഹാര കേന്ദ്രം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനമിറക്കിയത്.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലാകുന്നതോടെ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കാനും ബ്ലോക്കിനു കീഴിലെ പ്രദേശങ്ങളിൽനിന്നുള്ള ഭക്ഷ്യ വിഭവങ്ങൾ ശേഖരിച്ച് സംസ്കരണം നടത്തി പുതിയ വിപണന സാഹചര്യങ്ങൾക്ക് സൗകര്യമൊരുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ആലംകോട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റംല മാടം വള്ളികുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ് എന്നിവരും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.