സംസ്ഥാനപാതയിൽ കോക്കല്ലൂർ പാറക്കുളം വളവിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ബൈക്ക്
ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കോക്കല്ലൂർ പാറക്കുളം വളവ് അപകട മേഖലയാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലുപേരാണ് ഇവിടെ വ്യത്യസ്ത വാഹനപകടങ്ങളിലായി മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ കാറിനെ മറികടന്നുവന്ന കണ്ടെയ്നർ ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉള്ളിയേരി മാമ്പൊയിൽ കുറ്റിയേരി പറ്റമ്മൽ കാസിമിന്റെ മകൻ മുഹമ്മദ് ഫാസിലാണ് (23) മരിച്ചത്.
കഴിഞ്ഞ വർഷം പിഷാരിക്കാവ് ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ടിപ്പർ ലോറി ഇടിച്ച് രണ്ടുപേരും മരിച്ചിരുന്നു. ഇതിന് ഏതാനും മാസം മുമ്പ് സ്കൂട്ടറിൽ സഞ്ചരിച്ച് യുവാവും വാഹനമിടിച്ച് മരണപ്പെട്ടിട്ടുണ്ട്.
സംസ്ഥാനപാത നവീകരണത്തിനുശേഷമാണ് ഈ അപകടങ്ങൾ സംഭവിച്ചത്. നവീകരണത്തിനുമുമ്പും പറമ്പിൻ മുകളിനും കോക്കല്ലൂരിനുമിടയിലെ റോഡിൽ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. റോഡ് നവീകരിച്ചതോടെ വീതി കൂടിയെങ്കിലും വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
പാറക്കുളം വളവിൽ അപകട മുന്നറിയിപ്പ് ബോർഡുകളോ മറ്റു സൈൻ ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. വളവിൽ പാറക്കുളം ഭാഗത്തായി സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡുകൾ അപകടത്തിന് കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സിനിമ താരങ്ങളുടെ ചിത്രത്തോടെയുള്ള പരസ്യ ബോർഡുകളിലേക്ക് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ശ്രദ്ധയൊന്നു തെറ്റിയാൽ അപകടം സംഭവിക്കുമെന്നതാണ് യാഥാർഥ്യം. റോഡോരത്തെ വളവുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന നിയമമുണ്ടെങ്കിലും അത് അധികൃതർതന്നെ ഗൗനിക്കാത്ത മട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.