കോഴിക്കോട്: കടപ്പുറത്ത് ഏറെക്കാലമായി അടച്ചിട്ട് സാമൂഹിക വിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയയുടെയും താവളമായി മാറിയ ലയൺസ് പാർക്ക് നവീകരണം ഉടൻ ആരംഭിക്കും. ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സാങ്കേതികാനുമതി തേടാൻ കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ അംഗീകാരമായി.
8.48 കോടി രൂപ ചെലവിൽ രണ്ടു പദ്ധതികളായാണ് പാർക്ക് നവീകരണം നടക്കുന്നത്. പദ്ധതിക്കായി 7.5 കോടി രൂപയാണ് ‘അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ’ (അമൃത്) പദ്ധതിയിൽനിന്ന് അനുവദിച്ചത്. കോർപറേഷൻ തനത് ഫണ്ടിൽനിന്ന് 98 ലക്ഷം രൂപയും അനുവദിച്ചു. ഒരേക്കറിലേറെ ഭൂമിയിൽ 34 സെന്റ് സ്ഥലത്ത് 5.25 കോടി ചെലവിൽ 1500 ചതുരശ്രമീറ്ററിൽ പുതിയ കുളവും 2.25 കോടി ചെലവിൽ ഉദ്യാനവും നിർമിക്കാനാണ് പദ്ധതി. ഉദ്യാനത്തിന് മാത്രമായി 7.5 കോടി രൂപ വകയിരുത്താൻ ബുദ്ധിമുട്ടുള്ളതായി അമൃത് മിഷൻ ഡയറകട്ർ അറിയിച്ചതിനെത്തുടർന്ന് പദ്ധതി രണ്ടായി വിഭജിച്ച് കുളവും അതിന് ചുറ്റുമുള്ള 5.2 കോടി രൂപയുടെ മോടിപിടിപ്പിക്കലുമടക്കം ജലാശയ നിർമാണത്തിനുള്ള വകയിൽ ഉൾപ്പെടുത്തുകയായിരുന്നു.
കുളത്തോടൊപ്പം, വായനമുറി, എലിവേറ്റഡ് ട്രാക്ക്, കളിയുപകരണങ്ങൾ എന്നിവയെല്ലാം പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു. നിലവിലെ കൗൺസിലിന്റെ കാലാവധി തീരുന്നതിനു മുമ്പ് നവീകരണ പ്രവൃത്തി ആരംഭിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ചുറ്റുമതിൽ പൊളിച്ചിട്ട ലയൺസ് പാർക്ക് ഇപ്പോൾ അലങ്കോലമായിക്കിടക്കുകയാണ്. മാലിന്യ നിക്ഷേപ കേന്ദ്രമായി ഇത് മാറിക്കഴിഞ്ഞു. ലഹരി മാഫിയയുടെ നഗരത്തിലെ പ്രധാന കേന്ദ്രമായി മാറിയിരിക്കയാണ് ലയൺസ് പാർക്ക്. ബീച്ചിന്റെ പരിപാലനം ഏറ്റെടുത്ത പരസ്യ കമ്പനി ലയൺസ് പാർക്ക് ഭാഗത്ത് തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ഇതും സാമൂഹിക വിരുദ്ധർക്ക് സൗകര്യമാവുകയാണ്.
1965 സെപ്റ്റംബർ 19ന് അന്നത്തെ മേയർ എ. ബാവുട്ടി ഹാജിയാണ് ലയൺസ് ഇന്റർനാഷനൽ ക്ലബിന് ബീച്ചിലെ സ്ഥലം പാർക്കാക്കാൻ കൈമാറിയത്. തുറമുഖ വകുപ്പിന്റെ സ്ഥലം നഗരസഭ താൽക്കാലികമായി ഏറ്റെടുത്ത് ക്ലബിന് കൈമാറുകയായിരുന്നു. പിന്നീട് പാർക്കിന് വടക്ക് 1973ൽ കുട്ടികളുടെ പാർക്കും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.