മുക്കം: വാഴക്കുല കൃഷി വിളവെടുത്തു തുടങ്ങിയിട്ടും കർഷകർ പ്രതിസന്ധിയിൽതന്നെ. സംസ്ഥാന ഹോർട്ടി കൾച്ചർ ഡെവലപ്മെന്റ് കോർപറേഷൻ വാഴക്കുല സംഭരണം നടത്താത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ജില്ലയിൽ മലയോരത്ത് മാത്രം നൂറു കണക്കിന് വാഴ കർഷകരാണുള്ളത്. സാധാരണ, വാഴക്കുലകൾ പൊതുമാർക്കറ്റിൽ മൊത്തവ്യാപാരികൾ എടുക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ കുല പഴുക്കുന്നില്ലെന്ന കാരണം പറഞ്ഞു പലരും കൈയൊഴിയുകയാണ്.
കാലാവസ്ഥ വ്യതിയാനം മൂലം ചിലയിടങ്ങളിൽ കുല പഴുക്കാത്ത പ്രശ്നമുണ്ടെങ്കിലും മലയോരത്ത് ഇത്തരം അവസ്ഥയില്ലെന്നാണ് കർഷകർ പറയുന്നത്. മുമ്പ് ഇത്തരം പ്രയാസങ്ങളുണ്ടായപ്പോൾ കൃഷി വകുപ്പിന് കീഴിലുള്ള മുക്കം സ്വാശ്രയ കർഷക സമിതിയും കോഴിക്കോട് വേങ്ങേരിയിൽ പ്രവർത്തിക്കുന്ന ഹോർട്ടി കോർപിന്റെ സംഭരണ കേന്ദ്രവും ഉൽപന്നങ്ങൾ വാങ്ങി കർഷകരെ സഹായിക്കാറുണ്ടായിരുന്നു.
അതു കർഷകർക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ, ഇപ്പോൾ ഹോർട്ടി കോർപ് വാഴക്കുല സംഭരണം നിർത്തിയതാണ് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് മലയോരത്തെ പരമ്പരാഗത കർഷകനായ അടുക്കത്തിൽ മുഹമ്മദ് ഹാജി പറഞ്ഞു.
ഹോർട്ടി കോർപിന് കീഴിലുള്ള പല സ്ഥലങ്ങളിലെയും വിപണന സ്റ്റാളുകൾ അടച്ചു പൂട്ടിയതിനാലാണ് വാഴക്കുല സംഭരിക്കാത്തതെന്നാണ് വിശദീകരണം. വിവിധ ബാങ്കുകളിൽനിന്ന് വായ്പയെടുത്തും കാലാവസ്ഥ വ്യതിയാനങ്ങളെയെല്ലാം അതിജീവിച്ചു കൃഷി വിളവെടുക്കുന്ന സമയത്ത് ഹോർട്ടി കോർപ് സംഭരണം നിർത്തിവെച്ചതിനാൽ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.