മുക്കം: കുട്ടിയുടെ പിതൃത്വം നിഷേധിച്ചു മാനസിക പ്രയാസങ്ങളുണ്ടാക്കിയതിനും കഷ്ടപ്പെടുത്തിയതിനും ഭർത്താവ് ഭാര്യക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (1) ആണ് വിധി പുറപ്പെടുവിച്ചത്. അടിവാരം സ്വദേശിനിയായ യുവതിയാണ് വയനാട് സ്വദേശിയായ ഭർത്താവിനെയും വീട്ടുകാരെയും പ്രതി ചേർത്ത് കേസ് ഫയൽ ചെയ്തത്.
ഗാർഹിക പീഢന സംരക്ഷണ നിയമപ്രകാരമായിരുന്നു കേസ്. തനിക്കും രണ്ടു കുട്ടികൾക്കും സംരക്ഷണ ചെലവും സംരക്ഷണ ഉത്തരവുകളും ലഭിക്കണമെന്നാവശ്യപ്പെട്ട് 2012 ലായിരുന്നു ഹരജി നൽകിയത്. എന്നാൽ, ഭർത്താവ് വിദേശത്തായതിനാൽ 2024 ൽ മാത്രമാണ് കോടതിയിൽ ഹാജരായത്. തുടർന്ന് ഹരജിക്കാരിയായ ഭാര്യക്കെതിരെ അവിഹിത ബന്ധം ആരോപിക്കുകയും മൂത്ത കുട്ടിയുടെ പിതൃത്വം കോടതിയിൽ നിഷേധിച്ച് ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകുകയും ചെയ്തു.എന്നാൽ, ഭർത്താവിനെ ഹരജിക്കാരിയുടെ വക്കീൽ ക്രോസ് വിസ്താരം നടത്തിയപ്പോൾ വിവാഹ തീയതിമുതൽ ഭാര്യയുമായി ശാരീരിക ദാമ്പത്യ ബന്ധമുണ്ടായി എന്ന് ഭർത്താവ് സമ്മതിക്കുകയും ചെയ്തു.
ഇതോടെ തെളിവ് (എവിഡൻസ് ആക്ട്) നിയമപ്രകാരം പിതൃത്വത്തെ സംബന്ധിച്ച് അനുമാനം ഉണ്ടെന്നും ഡി.എൻ.എ ടെസ്റ്റ് നടത്തേണ്ടതില്ലെന്നുമുള്ള സുപ്രീംകോടതിയുടെ വിധിന്യായംവെച്ച് ഹരജിക്കാരിയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ച് ഡി.എൻ.എ ടെസ്റ്റിനുള്ള അപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതൃത്വം നിഷേധിച്ചത് വഴി തനിക്ക് മാനഹാനിയും മനോവിഷമങ്ങളുമുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് നഷ്ടപരിഹാരം ലഭിക്കണമെന്നും ഹരജിക്കാരി വിചാരണ വേളയിൽ ആവശ്യമുന്നയിച്ചു. തുടർന്നാണ് ഭാര്യക്ക് നഷ്ടപരിഹാരവും കുട്ടികൾക്ക് സംരക്ഷണ ചെലവ് നൽകണമെന്നും കോടതി വിധിച്ചത്. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. സി.ടി. അഹമ്മദ് കുട്ടി കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.