മുക്കം നഗരസഭയിലെ മുത്തേരികാപ്പു മലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് സമീപത്തെ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ട നിലയിൽ
മുക്കം: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നതിനിടെ, ആശങ്കയുയർത്തി കാപ്പുമലയിൽ ഭൂമിയിൽ വിള്ളൽ. ഇതോടെ ഒരു പ്രദേശമൊന്നാകെ ഭീതിയിലാണ്. പ്രദേശത്ത് ഒരു ക്വാറിയും പ്രവർത്തിക്കുന്നുണ്ട്. ക്വാറിയോട് ചേർന്ന ഏക്കർ കണക്കിന് സ്ഥലത്തെ റബർ മരങ്ങൾ രണ്ടു മാസം മുൻപ് വെട്ടി ഒഴിവാക്കിയിരുന്നു. തുടർന്ന്, മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഭൂമി 20 അടിയോളം വീതിയിൽ തട്ടുകളായി നിരത്തുകയും ചെയ്തു. നാണ്യവിള തോട്ടം നിർമിക്കാനാണ് ഭൂമി നിരത്തിയതെന്നാണ് ഭൂവുടമകൾ പറഞ്ഞത്. ഈ ഭാഗത്താണ് ഭൂമിയിൽ വ്യാപകമായി വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ക്വാറി അധികൃതർ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ വിള്ളൽ മൂടാനെത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മടങ്ങി. ശക്തമായ മഴയിൽ കല്ലും മണ്ണും താഴെ ഭാഗത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ പ്രദേശവാസികളുടെ കിണറുകളിൽ ചെളിവെള്ളം നിറഞ്ഞു. പലയിടത്തും ഗർത്തങ്ങൾ രൂപപ്പെട്ടു. കുടിവെള്ളവും മുട്ടി. വഴിയിൽ കല്ലുകൾ നിറഞ്ഞതോടെ റോഡിലൂടെ കാൽനട പോലും ദുസ്സഹമായതായി നാട്ടുകാർ പറയുന്നു. സംഭവം വിവാദമായതോടെ, ക്വാറി തൊഴിലാളികൾ മണൽ നിറച്ച ചാക്കുകൾ കൊണ്ട് വെള്ളത്തിന്റെ ഗതി തിരിച്ചുവിട്ട് പ്രശ്നം താത്കാലികമായി പരിഹരിച്ചു.
എന്നാൽ, ശക്തമായ മഴ തുടർന്നാൽ കൂടുതൽ പ്രദേശങ്ങളിൽ വിള്ളൽ രൂപപ്പെട്ട് മണ്ണിടിച്ചിലുണ്ടാകുമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. കാപ്പുമലയുടെ മുകൾഭാഗം പൂർണമായും കരിങ്കൽ ക്വാറി മാഫിയകളുടെ കൈവശമാണ്. ഖനനം കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭൂമിയെ തട്ടുകളായി തിരിച്ചതെന്നും നാണ്യവിളതോട്ടം ആരംഭിക്കാനുള്ള തരത്തിലല്ല മണ്ണ് നീക്കം ചെയ്തതെന്നും ഇവർ പറയുന്നു. ഇടിഞ്ഞ മണ്ണ് ശക്തമായ മഴയിൽ ഒലിച്ചുപോകും. കാലക്രമേണ ഭൂമിക്കടിയിലെ പാറ തെളിഞ്ഞു വരും. ഇത് ഖനനത്തിന് അനുകൂലമാകും. തൊട്ടടുത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിലെ ഉഗ്ര സ്ഫോടനങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും നാട്ടുകാർ പറയുന്നു.
പ്രസിദ്ധമായ വട്ടോളി ദേവീ ക്ഷേത്രത്തിനും മുത്തേരി ഗവ.എൽ.പി സ്കൂളിനും തൊട്ടടുത്താണ് കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. തൊട്ടടുത്തായി ഒട്ടേറെ വീടുകളുമുണ്ട്. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ കളക്ടർ, ആർ.ഡി.ഒ, നഗരസഭ സെക്രട്ടറി, വില്ലേജ് ഓഫീസർ തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാർച്ചിൽ കാലാവധി കഴിഞ്ഞ കരിങ്കൽ ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകരുതെന്ന് ഗ്രാമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, ഈ പ്രമേയം കൗൺസിലിൽ അവതരിപ്പിക്കാതെ മുക്കം നഗരസഭ ഭരണ സമിതി ക്വാറിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു.
നാടിനും നാട്ടുകാർക്കും ഭീഷണിയായി സ്വകാര്യ കരിങ്കൽ ക്വാറിയിലെ കൂറ്റൻ മൺകൂന. മുക്കം നഗരസഭയിലെ മുത്തേരിയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് സമീപമാണ് വലിയ രീതിയിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് ഖനന ആവശ്യാർഥം നീക്കം ചെയ്ത മണ്ണാണ് എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതക്ക് സമീപം പ്രവർത്തിച്ചിരുന്ന ക്വാറിയിൽ അലക്ഷ്യമായി തള്ളിയത്. നടപടി ഭയന്ന് ക്വാറി അധികൃതർ മുകൾ ഭാഗത്തെ മണ്ണ് നീക്കം ചെയ്തു. എന്നാൽ, പിന്നീട് വീണ്ടും സമാനമായ രീതിയിൽ മണ്ണ് കൂട്ടിയിടുകയായിരുന്നു. ശക്തമായ മഴ പെയ്താൽ ഈ മണ്ണ് പൂർണമായും സംസ്ഥാന പാതയിലേക്ക് ഒഴുകിയെത്തും. ഇത് നവീകരിച്ച റോഡിനും യാത്രക്കാർക്കും ഭീഷണിയാണെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.