ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിൽ പാലം തകർന്ന സ്ഥലത്ത് കല്ലും പാറക്കൂട്ടങ്ങളും നിറച്ച് റോഡുകൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു.
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിന്റെ പ്രധാന കേന്ദ്രമായ മഞ്ഞച്ചീളിൽ താൽക്കാലിക സംവിധാനത്തിലൂടെ പാലമൊരുക്കാൻ പഞ്ചായത്ത് നടപടിയെടുത്തു. കഴിഞ്ഞ ഉരുൾപൊട്ടലിൽ നാടാകെ ഒലിച്ചുപോവുകയും വ്യാപക നാശനഷ്ടടത്തിനിടയാക്കുകയും ചെയ്ത പ്രദേശമാണ് മഞ്ഞച്ചീൾ.
ഇവിടെ നാല് വീടുകൾ പൂർണമായും തകരുകയും പാലം, കടകൾ, വായനശാല, കുരിശുപള്ളി എന്നിവ ഉരുളെടുക്കുകയും ചെയ്തിരുന്ന, പാലംനിന്ന സ്ഥലത്ത് കല്ലും മണ്ണും നിറച്ചാണ് പ്രധാന റോഡിനെ ബന്ധിപ്പിച്ചിരുന്നത്. സർക്കാറിന്റെ അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമായാണ് നാട്ടുകാർ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.
ഒരു ദിവസത്തെ കനത്ത മഴയിലെ ഉരുൾപൊട്ടലിലുണ്ടായ നീർച്ചാലുകളിലൂടെ വെള്ളം ഒഴുകിയെത്തി ഗതാഗതതടസ്സം സൃഷ്ടിക്കുകയും ജനങ്ങളെ ഭീതിയിൽ ആഴ്ത്തുകയുമായിരുന്നു. ഇതോടെയാണ് ജലമൊഴുക്ക് സുഗമമാക്കാൻ താൽക്കാലിക സംവിധാനമൊരുക്കൽ നിർബന്ധിതമായത്.
ഇതിനായി നേരത്തെ ഉരുട്ടി പാലത്തിനായി ഉപയോഗിച്ചതും ഉരുൾപൊട്ടലിനെതുടർന്ന് പൊളിച്ചുമാറ്റിയതുമായ കൂറ്റൻ പൈപ്പുകൾ സ്ഥലത്തെത്തിച്ച് റോഡിനു കുറുകെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവർത്തനം വെള്ളിയാഴ്ച ആരംഭിക്കുന്നതിന്റെ മുന്നോടിയായി ഇതുവഴിയുള്ള ഗതാഗതം നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു.
റോഡിന് എതിർ ഭാഗത്തുള്ളവർക്ക് വീണ്ടും വിലങ്ങാടും മറ്റ് സ്ഥലങ്ങളുമായി ബന്ധപ്പെടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരും. മഴയെത്താറായിട്ടും വാളാട്, മഞ്ഞച്ചീള്, മുച്ചങ്കയം ഭാഗത്തെ പാലം നിർമാണം ആരംഭിക്കാത്തതിന്റെ ദുരിതത്തെക്കുറിച്ച് മാധ്യമം റിപ്പോർട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.