പന്തിരിക്കര പള്ളിക്കുന്നിൽ കൊല്ലപ്പണിയെടുക്കുന്ന എം.പി. പ്രകാശൻ
പേരാമ്പ്ര: ചിരട്ടയുടെ വില വൻതോതിൽ വർധിച്ചത് കൊല്ലപ്പണിയെടുക്കുന്നവരെ കൂടുതൽ പ്രതിസന്ധിയിലാക്കി. രണ്ട് മാസം മുമ്പ് വരെ ഒരു കിലോഗ്രാമിന് 13 രൂപയായിരുന്ന ചിരട്ടക്ക് ഇപ്പോൾ 31 രൂപയാണ് വില. ഒരു കിലോ ഗ്രാമിന് ശരാശരി എട്ട് തേങ്ങയുടെ ചിരട്ട വേണം അപ്പോൾ ഒരു തേങ്ങയുടെ ചിരട്ടക്ക് നാല് രൂപ വരെ നൽകണം. ചിരട്ട വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച് വാഹനത്തിൽ എത്തിക്കുന്ന ചെലവ് വേറെയും വരും. ഇവ കത്തിച്ച് കരിയാക്കുന്ന ചെലവ് കൂടി നോക്കിയാൽ വൻ വിലയാണ് നൽകേണ്ടിവരുന്നത്.
ഇത്രയും ഭീമമായ തുക ചെലവഴിച്ച് ഈ തൊഴിൽ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നാണ് നാല് പതിറ്റാണ്ടായി ഈ മേഖലയിലുള്ള പന്തിരിക്കരയിലെ എം.പി. പ്രകാശൻ പറയുന്നത്. പൊതിച്ച തേങ്ങയും ചിരട്ടയും വൻതോതിൽ ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റി പോകുന്നതാണ് വില വർധനവിന് കാരണമായത്. ഇപ്പോൾ തേങ്ങ കൊപ്രയാക്കുന്ന കർഷകർ വളരെ കുറഞ്ഞിട്ടുണ്ട്.
ഇരുമ്പിന്റെയും ചിരട്ടക്കരിയുടെയും വില വർധനവും വിപണിയിലിറങ്ങുന്ന വൻകിട ഇരുമ്പായുധങ്ങളുമായി മത്സരിച്ച് നിൽക്കാൻ കഴിയാത്തതും തൊഴിൽ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. പുതിയ ആളുകൾ ഈ മേഖലയിലേക്ക് കടന്ന് വരുന്നില്ല. അതുകൊണ്ടുതന്നെ ഒട്ടുമിക്ക പണിശാലകളും പൂട്ടിക്കഴിഞ്ഞു. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഇവർക്ക് പണിയായുധങ്ങൾ നിർമിക്കാനാവശ്യമായ ഇരുമ്പും കരിയും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് പരമ്പരാഗത കൊല്ലപ്പണിക്കാർ ആവശ്യപ്പെടുന്നത്..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.