പ്രതികളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നു
പേരാമ്പ്ര: പേരാമ്പ്ര ബീവറേജ് ഔട്ട് ലെറ്റിനു സമീപമുള്ള ആയുഷ് സ്പാ മസാജ് സെന്ററിൽ പെൺവാണിഭം നടക്കുന്നതായുള്ള പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരും ഉൾപ്പെടെ എട്ടുപേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിന്റേതാണ് സ്ഥാപനം. ഒരു വർഷത്തിലധികമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
മറ്റു ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു ഇയാളുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ചെമ്പനോട സ്വദേശിയാണ് സ്ഥാപനത്തിന്റെ മാനേജർ. ഈ സ്ഥാപനത്തിനെതിരെ നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജുവിന്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര ഡിവൈ.എസ്.പി എൻ. സുനിൽകുമാറിന്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ബുധനാഴ്ച ഉച്ചയോടെ പരിശോധന തുടങ്ങിയപ്പോൾ വൻ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. സ്ഥാപന നടത്തിപ്പുകാർക്കെതിരെ രോഷം കൊണ്ട ജനങ്ങളെ നിയന്ത്രിക്കാൻ കൊയിലാണ്ടി ആംഡ് റിസർവ്വിൽ നിന്നടക്കം പൊലീസ് എത്തി. ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ സ്ഥലത്തുനിന്നും വൈദ്യപരിശോധനക്ക് കൊണ്ടു പോയത്.
ഇൻസ്പെക്ടർ ഇ.കെ. ഷിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. മനോജ് രാമത്ത്, എ.എസ്.ഐമാരായ അനൂപ്, സദാനന്ദൻ, സുധാരത്നം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി. വിനീഷ്, എൻ.എം. ഷാഫി, സി.പി.ഒമാരായ സിഞ്ചുദാസ്, കെ.കെ. ജയേഷ്, രജിലേഷ്, സുജില തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.