തിരുവനന്തപുരം: വർഗീയ പ്രസ്താവനകൾ ആവർത്തിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി സി.പി.എം നേതാവ് എം. സ്വരാജ്. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണെന്ന് സ്വരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ശ്രീ. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണ്. ശ്രീനാരായണഗുരുവും എസ്.എൻ.ഡി.പി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണിത്. മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയും -എന്നാണ് സ്വരാജ് കുറിച്ചത്.
ഇന്നലെ കോട്ടയത്ത് എസ്.എൻ.ഡി.പി നേതൃസംഗമത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് കാന്തപുരത്തിനെതിരെയും സമസ്തക്കെതിരെയും മലപ്പുറത്തിനെതിരെയുമെല്ലാം വർഗീയ പ്രസ്താവനയുമായി വെള്ളാപ്പള്ളി രംഗത്തുവന്നത്. ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നെങ്കിലും, താൻ ഇനിയും പറയാനുള്ളത് പറയുമെന്നാണ് ഇന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയത്.
വെള്ളാപ്പള്ളിക്കെതിരെ വിമർശനം ശക്തമാകുമ്പോഴും പുകഴ്ത്തുകയാണ് മന്ത്രി വി.എൻ. വാസവൻ ചെയ്തത്. നിർഭയനായി അഭിപ്രായം രേഖപ്പെടുത്തുന്നതാണ് വെള്ളാപ്പള്ളിയുടെ വലിയ പ്രത്യേകതയെന്നാണ് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞത്. മൂന്ന് പതിറ്റാണ്ട് കാലം സമുദായത്തിന്‍റെ ജനറൽ സെക്രട്ടറി പദവി വഹിച്ച ഒരു സമുദായ നേതാവുമില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.