തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിപക്ഷ സമരത്തിനെതിരെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മിഥുന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്ത സർക്കാറിനെ അഭിനന്ദിക്കുന്നതിനു പകരം കരിങ്കൊടി കാണിക്കലാണോ പ്രതിപക്ഷ സഹായമെന്ന് മന്ത്രി ചോദിച്ചു. സംഭവം നടന്ന സ്ഥലത്തേക്ക് മന്ത്രിമാർ വരുമ്പോൾ കരിങ്കൊടി കാണിക്കുന്നവർ ഒരു രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. എന്നാൽ, വിദ്യാഭ്യാസ മന്ത്രി മറുപടി അർഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഒരു ദുരന്തം വരുമ്പോൾ പ്രതിപക്ഷമാണോ സഹായിക്കേണ്ടത്. സർക്കാറിനല്ലേ ബാധ്യത. ഇക്കാര്യത്തിൽ സർക്കാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും സതീശൻ പറഞ്ഞു. അതേസമയം, മിഥുന്റെ കുടുംബത്തിന് നല്കിയ അടിയന്തര ധനസഹായത്തെ ‘അത്യാവശ്യ പോക്കറ്റ് മണിയെ’ന്ന് മന്ത്രി വിശേഷിപ്പിച്ചതും വിവാദമായി. ഇതുവരെ മിഥുന്റെ കുടുംബത്തിനായി സർക്കാർ നടത്തിയ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് പോക്കറ്റ് മണി പരാമർശം. വിവിധ വകുപ്പുകളും സംഘടനകളും പ്രഖ്യാപിച്ച ധനസഹായത്തിന്റെ കണക്ക് വിവരിച്ച മന്ത്രി 48 മണിക്കൂറിനുള്ളില്‍ ഇത്രയും തീരുമാനങ്ങളെടുത്ത മറ്റേത് സര്‍ക്കാറുണ്ടെന്നും ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.