കോഴിക്കോട്: ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളുടെ നികുതി ചോർച്ചക്ക് തടയിട്ട് മോട്ടോർ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങൾ സംസ്ഥാനത്ത് നികുതി നൽകാതെ മാസങ്ങളോളം ഓടുന്നത് വർധിച്ച സാഹചര്യത്തിലാണ് നടപടി. ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ എൻ.ഒ.സി എടുക്കുകയും രജിസ്റ്റർ ചെയ്യാതെ നികുതി വെട്ടിപ്പ് നടത്തുകയുമാണ്. ഇത്തരം വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഗണ്യമായ നികുതിചോർച്ചയാണ് ഉണ്ടാകുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനം 12 മാസത്തിലധികം ഉപയോഗിച്ചാൽ സംസ്ഥാനത്ത് പുതിയ രജിസ്ട്രേഷൻ നമ്പർ വേണമെന്നാണ് നിയമം. എന്നാൽ റോഡ് നികുതിയുടെ കാര്യത്തിൽ ഇളവ് അനുവദിച്ചിരുന്നു. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത്തരത്തിൽ സംസ്ഥാനത്ത് ഓടുന്നത്. ചില വാഹനങ്ങൾ മാസങ്ങളോളം ഓടിച്ച് സംസ്ഥാനം വിടുന്നതുമൂലവും നികുതി ചോർച്ച ഉണ്ടാകുന്നു.
ഇത് തടയാൻ സംസ്ഥാനത്ത് പ്രവേശിക്കുന്ന വാഹനങ്ങളുടെ കൃത്യമായ വിവരം മോട്ടോർ വാഹന വകുപ്പിന് ലഭിക്കുംവിധം പുതിയ കാമറ സംവിധാനവും നടപ്പാക്കുന്നുണ്ട്. ഉടൻ പ്രവർത്തനസജ്ജമാകുന്ന എ.എൻ.പി.ആർ കാമറ സംവിധാനം വഴി സംസ്ഥാനത്തെത്തുന്ന വാഹനങ്ങളുടെ ഡേറ്റ, സമയം, സ്ഥലം എന്നിവയുടെ വിശദാംശങ്ങൾ ലഭിക്കുന്നതു വഴി കൃത്യതയോടെ നികുതി നിശ്ചയിക്കാനും ഈടാക്കാനും കഴിയും.
സംസ്ഥാനത്തേക്ക് വരുന്ന നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഇനി എൻ.ഒ.സി തീയതി മുതൽ 14 ദിവസത്തിനകം നികുതി അടക്കണം. 15 വർഷം തികയാത്ത നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതിയുടെ 1/15 വാർഷിക നിരക്കിലാണ് നികുതി അടക്കേണ്ടത്.
15 വർഷം പിന്നിട്ട നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നികുതിയുടെ 1/5 തുക വാർഷികാടിസ്ഥാനത്തിൽ നൽകണം. ഒരു വർഷവും ഒരു ദിവസവും ആണെങ്കിൽപോലും രണ്ടു വർഷമായി കണക്കാക്കും. പെർമിറ്റ് ഇല്ലെന്ന കാരണത്താൽ നികുതി ബാധ്യതയിൽനിന്ന് ഒഴിവാക്കില്ല. 1976െല കേരള മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്ട് കർശനമാക്കിയാണ് പുതിയ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.