കോഴിക്കോട്: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങൾക്ക് മറുപടി നൽകി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. രണ്ടു ഗുളിക അധികം കഴിച്ചാൽ വെള്ളാപ്പള്ളിയുടെ അസുഖം മാറുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നും പി.എം.എ സലാം.
വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് അത് കേൾക്കുന്നവർ തന്നെ അദ്ദേഹത്തിനുള്ള മറുപടി മനസിൽ പറയുന്നുണ്ട്. ഇത് അധികം മുന്നോട്ടു കൊണ്ടു പോകേണ്ട ആവശ്യമില്ല. രണ്ടു ഗുളിക അധികം കഴിച്ചാൽ സുഖമാകും എന്നും സലാം പറഞ്ഞു.
കൊച്ചിയിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ് മന്ത്രി വി.എൻ. വാസവൻ വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ഭാവനാസമ്പന്നനായ നേതാവ് വെള്ളാപ്പള്ളി എന്നായിരുന്നു വാസവന്റെ പുകഴ്ത്തൽ. മാത്രമല്ല, കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്.എൻ.ഡി.പി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തമാക്കി മാറ്റിയെന്നും വാസവൻ പറയുകയുണ്ടായി.
കേരളത്തിൽ മുസ്‍ലിം ജനസംഖ്യ വർധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. കേരളം മുസ്‍ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് വി.എസ്. അച്യൂതാനന്ദൻ മുമ്പ് പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതി എന്ന സ്ഥിതിയാണ് കേരള സർക്കാറിനെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.