തിരുവനന്തപുരം: അഖിലേന്ത്യ പെർമിറ്റിന്റെ മറവിൽ സംസ്ഥാന സർക്കാറിനെ വെല്ലുവിളിച്ച് സ്വകാര്യ ബസുകൾ ടിക്കറ്റും സ്ഥലസൂചന ബോർഡുകളുമായി ദീർഘദൂര റൂട്ടുകളിൽ ഓടിത്തുടങ്ങിയിട്ടും മിണ്ടാതെ ഗതാഗത വകുപ്പ്. ടൂറിസം വികസനത്തിനായി കേന്ദ്രം നൽകുന്ന ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എ.ഐ.ടി.പി) സ്വന്തമാക്കിയ ശേഷം നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നൽകിയാണ് ഇവയുടെ പരിധിവിട്ട ഓട്ടം.
യാത്രക്കാരുമായുള്ള കരാർ (കോൺട്രാക്ട്) പ്രകാരം ഒരു സ്ഥലത്തുനിന്ന് യാത്രക്കാരെയെടുത്ത് മറ്റൊരു സ്ഥലത്ത് എത്തിക്കാൻ മാത്രമാണ് കോൺട്രാക്ട് കാര്യേജുകൾക്ക് അനുമതി. വിവാഹാവശ്യങ്ങൾക്കും വിനോദയാത്രക്കും പഠനയാത്രക്കും മറ്റും ഓടുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ഈ ഗണത്തിലാണ് ഉൾപ്പെടുന്നത്. സ്ഥലബോർഡ് വെച്ചും പോയന്റുകളിൽനിന്ന് ആളെയെടുത്തും ടിക്കറ്റ് നൽകിയും യാത്രക്കാരെ കൊണ്ടുപോകാൻ സ്വകാര്യ ബസുകൾ പ്രത്യേകം സ്റ്റേജ് കാര്യേജ് പെർമിറ്റ് എടുക്കണം. റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റികൾ നിർദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളിൽ സർക്കാർ നിശ്ചയിക്കുന്ന ബസ് ചാർജ് ഈടാക്കിയേ ഇവക്ക് സർവീസ് നടത്താനാവൂ.
നിയമപ്രകാരം ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ഒന്നിലധികം സംസ്ഥാനങ്ങളിൽ ഓടാനുള്ള അനുവാദമാണ് അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റിലൂടെ ലഭിക്കുന്നത്. എന്നാൽ, പെർമിറ്റ് സ്വന്തമാക്കിയ ശേഷം കേരളത്തിനുള്ളിലെ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഇവയുടെ സർവീസ്. കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവീസ് അധികാരമുള്ള റൂട്ടുകളിൽ ഇവയെത്തിയത് കോർപറേഷനും ഇരുട്ടടിയാണ്. നിലവിൽ നിയമപ്രകാരം പെർമിറ്റ് നേടി സ്റ്റേജ് കാര്യേജുകളായി ഓടുന്ന സ്വകാര്യ ബസുകൾക്കും ഇവ വെല്ലുവിളിയാണ്.
ഇത്രയേറെ നിയമവിരുദ്ധത നടന്നിട്ടും ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ് മോട്ടോർ വാഹന വകുപ്പ്. ആൾ ഇന്ത്യ പെർമിറ്റിന്റെ മറവിൽ നേരത്തെയും സ്വകാര്യ ബസുകൾ ദീർഘദൂര ഓട്ടത്തിന് ശ്രമം നടത്തിയിരുന്നു. ഗതാഗത വകുപ്പ് കർശന നിലപാടെടുത്തതോടെ അന്ന് പിൻവാങ്ങിയ ബസുകളും ഇപ്പോൾ തിരിച്ചെത്തുകയാണ്.
കോൺട്രാക്ട് കാര്യേജ് പെർമിറ്റുള്ള ടൂറിസ്റ്റ് ബസുകൾ അനധികൃത സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്നത് കേരള മോട്ടോർ വാഹന നിയമത്തിന്റെ നഗ്നമായ ലംഘനവും വാഹനം പിടിച്ചെടുക്കുന്നതിനും പെർമിറ്റ്, രജിസ്ട്രേഷൻ എന്നിവ റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്ക് ഇടയാക്കുന്ന കുറ്റവുമാണ്. ഇത്തരം സർവീസുകൾക്കെതിരെ സുപ്രീംകോടതി-ഹൈകോടതി വിധികളുണ്ട്.
വാഹനത്തിന്റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ശിപാർശ നൽകാം. ഒരിക്കൽ ഇത്തരത്തിൽ സർവീസ് നടത്തിയതിന് നടപടി സ്വീകരിച്ച ബസുടമ, കോടതിയിൽ നിന്ന് ജാമ്യവ്യവസ്ഥകൾ പാലിച്ച് വാഹനം പുറത്തിറക്കിയ ശേഷം വീണ്ടും അതേ നിയമലംഘനത്തിന് മുതിർന്നാൽ കർശന ശിക്ഷാനടപടിയാണ് മോട്ടോർ വാഹന നിയമം 192 എയിൽ വ്യവസ്ഥ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.