സ്കൂൾ സമയമാറ്റം: മതസംഘടനകളുമായുള്ള ചർച്ച ബുധനാഴ്ച

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ മതസംഘടനകളെ ചർച്ചക്ക് വിളിച്ച് സർക്കാർ. ബുധനാഴ്ചയാണ് മന്ത്രി മതസംഘടന കളുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തുക. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് ചര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകള്‍ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്താനൊരുങ്ങുന്നത്.

പഠന സമയം രാവിലെയും വൈകീട്ടുമായി കൂട്ടിയതാണ് സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈകോടതി നിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ കണക്കിലെടുത്താണ് പുതിയ സമയക്രമം സർക്കാർ തീരുമാനിച്ചത്.

സ്കൂൾ സമയമാറ്റത്തിൽ ബുദ്ധിമുട്ടുണ്ടെന്ന് സമസ്ത അറിയിച്ചിരുന്നു. ബദൽ നിർദേശങ്ങളും സമർപ്പിച്ചിരുന്നു. സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാനും അനുകൂലമായ നടപടിയുണ്ടാകുന്നില്ലെങ്കിൽ സമരം ശക്തമാക്കാനും സമസ്തയുടെയും പോഷകസംഘടനകളുടെയും സംയുക്ത ഏകോപനസമിതി യോഗം തീരുമാനിച്ചിരുന്നു. രാവിലെ 15 മിനിറ്റ് വർധിപ്പിക്കുന്നതിനുപകരം വൈകീട്ട് അര മണിക്കൂർ വർധിപ്പിക്കാം. പാദ വാർഷിക പരീക്ഷ, അർധ വാർഷിക കഴിഞ്ഞുള്ള അവധി ദിവസങ്ങൾ പ്രവൃത്തി ദിനമാക്കാം. മറ്റ് സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കാനും സമസ്ത നിർദേശിച്ചു.

സ്‌കൂൾ സമയം രാവിലെയും വൈകുന്നേരവുമായി അരമണിക്കൂർ വർധിപ്പിക്കുന്നത് മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ സമയമാറ്റം പുനഃപരിശോധിക്കണമെന്നഭ്യർഥിച്ച് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് സർക്കാർ ചർച്ചക്ക് വിളിച്ചില്ലെന്ന് പരാതിയും ഉയർന്നിരുന്നു.

Tags:    
News Summary - School timing change: Minister invites religious organizations for discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.