കൊച്ചി: ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ചില സാഹചര്യങ്ങളില്‍ മറ്റ് പാര്‍ട്ടികളുമായി സഹകരിക്കേണ്ടിവരുമെന്ന് ശശി തരൂർ എം.പി. ഇത് തന്റെ പാര്‍ട്ടിയോടുള്ള വിധേയത്വമില്ലായ്മയായി ചിത്രീകരിക്കപ്പെട്ടേക്കാം. എന്നാലും ആദ്യം പ്രാധാന്യം നല്‍കേണ്ടത് രാജ്യത്തിനാണ്. പിന്നീടാണ് പാര്‍ട്ടിയുടെ കാര്യം വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോഓപ്പറേഷന്റെ (സി.സി.സി) രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച ‘സമാധാനവും ഐക്യവും ദേശീയവികസനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ലക്ഷ്യം. താന്‍ സംസാരിച്ചത് രാജ്യത്തിന് വേണ്ടിയാണ്. ഇതില്‍ പലരും തന്നെ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ, ചെയ്തത് ശരിയായ കാര്യമാണ്- തരൂര്‍ പറഞ്ഞു.
അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ലേഖനത്തില്‍ ഗാന്ധി കുടുംബത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും തരൂര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 1997ല്‍ താന്‍ എഴുതിയ പുസ്തകത്തില്‍ ഇതേ കാര്യങ്ങൾ പരാമര്‍ശിച്ചിട്ടുണ്ട്. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനത്തില്‍ പറയുന്നത്. തന്നെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ച സര്‍വേയെക്കുറിച്ച്, ആ സര്‍വേ നടത്തിയവരോടാണ് ചോദിക്കേണ്ടത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണോ എന്ന ചോദ്യത്തിന്, താനിപ്പോള്‍ പാര്‍ലമെന്റേറിയന്‍ അല്ലേ എന്നും തരൂര്‍ മറുപടി നല്‍കി.
കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കാത്തതിന് മറ്റു കാരണങ്ങളില്ല. പങ്കെടുത്ത രണ്ട് പരിപാടികളും നേരത്തെ നിശ്ചയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സി.സി.സി പ്രസിഡന്റ് ഡോ.പി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംവിധായകന്‍ മേജര്‍ രവി, സ്വാമി സി. ഹരിപ്രസാദ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, പി. രാമചന്ദ്രന്‍, റവ. ഡോ. ആന്റണി വടക്കേക്കര, ഹുസൈന്‍ മടവൂര്‍, ഫാ. തോമസ് തറയില്‍, ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി, സി.എച്ച്. അബ്ദുള്‍ റഹീം എന്നിവർ സംസാരിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാര്‍ട്ടിയോട് ആലോചിക്കാതെ തരൂര്‍ ത്രിരാഷ്ട്ര നയതന്ത്രദൗത്യത്തിന് പുറപ്പെട്ടതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. പിന്നാലെ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകള്‍ വിവരിച്ച് ലേഖനം എഴുതിയതും പാർട്ടിയിൽനിന്ന് വലിയ വിമർശനം ക്ഷണിച്ചുവരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.