ബന്ധം വേർപെടുത്തിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഗർഭിണിയായിരുന്നപ്പോൾ പോലും മർദിച്ചു; ഗുരുതര ആരോപണങ്ങളുമായി അതുല്യയുടെ കുടുംബം

കൊല്ലം: മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും 11 കൊല്ലത്തിനിടെ ഒരുദിവസം പോലും അവൾ സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ലെന്നും ഷാർജയിൽ മരിച്ച അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ളയും മാതാവ് തുളസി ഭായിയും. വിവാഹശേഷം ശാരീരികവും മാനസികവുമായ പീഡനം തുടങ്ങി.

സംശയരോഗം മൂലം അതുല്യയെ ജോലി ചെയ്യാൻപോലും അനുവദിച്ചില്ല. കുടുംബത്തിന്റെ ആരോപണപ്രകാരം ബന്ധം വേർപെടുത്തിയാൽ ജീവനോടെ വിടില്ലെന്നും കൊന്നുകളയുമെന്നും സതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. മകൾ ഗർഭിണിയായിരുന്നപ്പോൾ പോലും മർദിച്ചു. മർദന ദൃശ്യങ്ങൾ അതുല്യ വീട്ടുകാരോട് പങ്കുവെച്ചിട്ടുണ്ട്. പീഡനം കാരണം മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. കുഞ്ഞിന് ഒന്നരവയസ്സുള്ളപ്പോൾ മർദനത്തെത്തുടർന്ന് ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതായും കുടുംബം പറയുന്നു.

കൗണ്‍സലിങ്ങിനുശേഷം ഒന്നിച്ചുപോകാൻ തീരുമാനിക്കുകയായിരുന്നു. സതീഷ് സ്ഥിരം മദ്യപാനിയാണ്. അമിതമായി മദ്യപിച്ച് മകളെ ഉപദ്രവിക്കും. പിന്നീട് കാലുപിടിച്ച് മാപ്പ് പറയും. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചു. മകള്‍ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചെങ്കിലും സതീഷ് തടഞ്ഞുവെന്നും രാജശേഖരൻപിള്ള പറഞ്ഞു. പത്ത് വയസ്സുള്ള മകളെ ഓര്‍ത്താണ് അതുല്യ എല്ലാം സഹിച്ചത്. കുട്ടി നാട്ടില്‍നിന്നാണ് പഠിക്കുന്നത്. അതുല്യയുടെ മരണവിവരം മകളെ അറിയിച്ചിട്ടില്ലെന്നും അച്ഛൻ വ്യക്തമാക്കി.

വിവാഹസമയത്ത് സ്ത്രീധനം വേണ്ടെന്ന് സതീഷ് പറഞ്ഞെങ്കിലും 43 പവനും ബൈക്കും നൽകിയിരുന്നതായി മാതാവ് പറഞ്ഞു. അടുത്ത ദിവസം തന്നെ സതീഷ് സ്വർണം കുറവാണെന്ന് ആരോപിച്ച് കാർ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ച പുലർച്ച ഇന്ത്യൻ സമയം 2.30ന് അതുല്യ ഒരു വിഡിയോ സന്ദേശം അയച്ചതായി മാതാവ് പറഞ്ഞു. ശരീരമാകെ കരുവാളിച്ച മർദനപാടുകൾ വിഡിയോയിൽ വ്യക്തമായിരുന്നു. സഹോദരി അഖിലക്കും ഈ വിഡിയോ നൽകണമെന്ന് അതുല്യ വാട്സ്ആപ്പിലൂടെ അറിയിച്ചിരുന്നു. രാവിലെ സന്ദേശം കണ്ട് അതുല്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോണെടുത്തത് സതീഷായിരുന്നു.

പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്‌തു. ഇതിൽ സംശയം തോന്നി അതുല്യയുടെ സഹോദരി അഖിലയെ ബന്ധപ്പെട്ടപ്പോഴാണ് മരണവിവരം അറിഞ്ഞതെന്നും മാതാവ് പറഞ്ഞു.

ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കൊല്ലം: ഷാർജയില്‍ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് സതീഷിനെതിരെ ചവറ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അതുല്യയുടെ മാതാവ് തുളസി ഭായി നൽകിയ പരാതിയിലാണ് നടപടി. കൊലപാതകം, സ്ത്രീകളോടുള്ള അതിക്രമം, ദേഹോപദ്രവം ഏൽപിക്കൽ, സ്ത്രീധന പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

കൊല്ലം ചവറ തെക്കുംഭാഗം കോയിവിള അതുല്യ ഭവനിൽ അതുല്യയെ (30) വെള്ളിയാഴ്ച രാത്രിയിലാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2014 ലായിരുന്നു അതുല്യയെ ശാസ്താംകോട്ട മനക്കരയിൽ സതീഷ് വിവാഹം കഴിച്ചത്. 43 പവനും ബൈക്കും സ്ത്രീധനമായി നൽകിയതായി അതുല്യയുടെ കുടുംബം പറയുന്നു.

വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോൾ മുതൽ സതീഷ് അതുല്യയെ സ്ത്രീധനം കുറഞ്ഞുപോയി എന്ന കാരണത്താൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പൊലീസിന്‍റെ എഫ്.ഐ.ആറിൽ പറയുന്നു. 2023 മുതൽ ഷാർജയിലെ ഫ്ലാറ്റിൽ സതീഷും അതുല്യയും താമസിച്ചുവരികയായിരുന്നെന്നും അവിടെവെച്ച് അതുല്യ നിരന്തര പീഡനങ്ങൾക്ക് ഇരയായെന്നും മാതാവ് നൽകിയ പരാതിയിൽ പറയുന്നു.

രണ്ടുദിവസം മുമ്പ് സതീഷ് അതുല്യയെ തലയിൽ പാത്രം കൊണ്ട് അടിച്ചും നാഭിക്ക് ചവിട്ടിയും കഴുത്തിന് കുത്തിപ്പിടിച്ചും ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു.

Tags:    
News Summary - Threatened to kill her if she broke off the relationship; Atulya's family makes serious allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.