പുതുക്കയം പുഴമൂലയിൽ മലവെള്ളപ്പാച്ചിലിനിടെ യുവാവ് പുഴക്ക് നടുവിൽ പാറയിൽ കുടുങ്ങിയ നിലയിൽ
നാദാപുരം: നരിപ്പറ്റ മലയോരത്ത് പെയ്ത കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായി. കമ്മായി, തരിപ്പതോടുകളിൽ വെള്ളം കുത്തനെ ഉയർന്നു. പുതുക്കയം പുഴമൂലയിൽ പുഴയിലെ പാറയിൽ കുടുങ്ങിയ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭൂമി വാതുക്കൽ സ്വദേശി യൂസഫ് (39), വളയം സ്വദേശി ഇസ്മായിൽ (39) എന്നിവരാണ് രക്ഷപ്പെട്ടത്. വെള്ളം പൊങ്ങിയ ഉടൻതന്നെ ഒരാൾ കരയിലേക്ക് നീന്തിക്കയറിയെങ്കിലും, രണ്ടാമത്തെയാൾ പുഴക്ക് നടുവിലെ പാറയിൽ കുടുങ്ങുകയായിരുന്നു. രക്ഷപ്പെട്ടയാൾ തൊട്ടടുത്ത ചായക്കടയിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷസേനയും ചേർന്ന് ഇയാളെ കരക്കെത്തിച്ചു.
ചൊവ്വാഴ്ച നാലുമണിക്കൂറോളം മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മലവെള്ളം കുത്തിയൊഴുകിയത്. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിൽ നരിപ്പറ്റ മുണ്ടോകണ്ടം പള്ളിയാറ പൊയിൽ കരുണന്റെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനൊപ്പം വിലങ്ങാട് പുഴയിൽ ഉരുട്ടി പാലത്തിന് താഴെ വൻ കുത്തൊഴുക്കുണ്ടായി. കഴിഞ്ഞവർഷത്തെ ഉരുൾപൊട്ടലിൽ നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കനത്ത നാശം വിതച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തതിനെ തുടർന്ന് പരക്കെ കെടുതിയും നാശനഷ്ടങ്ങളും. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ചൊവ്വാഴ്ച മഴ കനത്തുപെയ്തത്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. പുഴകളും തോടുകളും കരകവിഞ്ഞു. വീടുകളിൽ വെള്ളം കയറി. വെള്ളിയാർ പുഴയിൽ യുവാവിനെ കാണാതായി. അലനല്ലൂർ കണ്ണൻകുണ്ട് പമ്പ്ഹൗസിനു സമീപം താമസിക്കുന്ന ഏലംകുളവൻ യൂസുഫിന്‍റെ മകൻ സാബിത്തിനെയാണ് (26) കാണാതായത്. ചൊവ്വാഴ്ച രാവിലെ പെയ്ത മഴയിലാണ് വാണിയംകുളം പനയൂരിലും എടത്തനാട്ടുകരയിലും മലവെള്ളപ്പാച്ചിലുണ്ടായത്. ഷൊർണൂർ, അലനല്ലൂർ, സൈലന്‍റ് വാലി മേഖലകളിലും ശക്തമായ മഴ പെയ്തു.
ചൊവ്വാഴ്ച രാവിലെ മുതൽ പെയ്ത കനത്തമഴയിൽ തൃശൂർ നഗരത്തിലും ജില്ലയുടെ കിഴക്കൻ മേഖലയിലും വ്യാപക നാശമുണ്ടായി. തൃശൂർ- പാലക്കാട് ദേശീയപാതയിൽ പട്ടിക്കാട് ബസ് സ്റ്റാൻഡിനു സമീപം മണ്ണിടിഞ്ഞു. വടക്കാഞ്ചേരി അകമലക്കു സമീപം റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ 20 മിനിറ്റ് പിടിച്ചിട്ടു. തൃശൂർ നഗരത്തിൽ അശ്വനി ജങ്ഷനിൽ മാത്രം 50ലധികം വീടുകളിലാണ് വെള്ളം കയറിയത്. മലപ്പുറത്ത് ചൊവ്വാഴ്ച പുലർച്ച മുതൽ തന്നെ പരക്കെ മഴ പെയ്തു. മലയോര ഹൈവേയിൽ കാളികാവ് മങ്കുണ്ടിൽ വെള്ളം കയറി. ഹൈവേയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. തെക്കൻ കേരളത്തിന് മുകളിലും ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിന് സമീപവും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ഈ ജില്ലകളിൽ. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ള ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടർന്ന് ബുധനാഴ്ച കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.