വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശം: കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിനോടുള്ള വെല്ലുവിളി -സാദിഖലി തങ്ങൾ

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിനോടുള്ള വെല്ലുവിളിയാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

സമാധാനവും ശാന്തിയും ഐക്യവും കേരളത്തിന്റെ പാരമ്പര്യമാണ്. ഇത്തരത്തിലുള്ള പ്രസ്താവനകൾ വേദനയുണ്ടാക്കുന്നതാണ്. കേരളത്തിലെ ജനങ്ങൾ അതിനെ വിലക്കെടുക്കില്ലെന്നതാണ് ആശ്വാസം. സർക്കാർ ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യുന്നില്ല. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വർഗീയ പ്രസ്താവനകൾ ആവർത്തിച്ച് വെള്ളാപ്പള്ളി

കൊച്ചി: കഴിഞ്ഞ ദിവസം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കെതിരെ നടത്തിയ വർഗീയ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് വ്യക്തമാക്കി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും താൻ പറയാനുള്ളത് പറയും എന്നാണ് വെള്ളാപ്പള്ളി കൊച്ചിയിൽ മന്ത്രി വി.എൻ. വാസവനെ വേദിയിലിരുത്തി പറഞ്ഞത്.

വെള്ളാപ്പള്ളിയുടെ വാക്കുകൾ: ‘ഞാൻ ഒരു സമുദായത്തിനുമെതിരെല്ല. പക്ഷേ സാമൂഹിക നീതിക്കുവേണ്ടി ഞാൻ പറയും. ഇന്നും പറയും, നാളെയും പറയും. എന്‍റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. അവര് 24 മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്, അവരാണ് എന്നെ ജാതിക്കോമരമായി പറയുന്നത്.’

നേരത്തെ വെള്ളാപ്പള്ളിയെ മന്ത്രി വി.എൻ. വാസവൻ പുകഴ്ത്തിയിരുന്നു. വിശ്രമജീവിതം നയിക്കേണ്ട കാലഘട്ടത്തിൽ ഊർജസ്വലനായി ഒരു നാട്ടിൽ ചരിത്രം സൃഷ്ടിക്കുന്ന രൂപത്തിലേക്ക് ഈ പദവിയെ അദ്ദേഹം കൊണ്ടെത്തിച്ചു. സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളിൽ അഭിപ്രായങ്ങൾ നിർഭയമായി രേഖപ്പെടുത്താറുണ്ട്. അത് ഏത് തരത്തിലുള്ളതായാലും പറയാനുള്ളതെല്ലാം പറയും -എന്നായിരുന്നു വാസവന്‍റെ പുകഴ്ത്തൽ. വെള്ളാപ്പള്ളി നടേശന് എറണാകുളം പള്ളുരുത്തിയില്‍ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വാസവന്‍റെ പുകഴ്ത്തൽ.

ഇന്നലെ കോട്ടയത്ത് എസ്.എൻ.ഡി.പി യൂനിയനിലെ ശാഖകളുടെ നേതൃസംഗമത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുവെയാണ് കാന്തപുരത്തിനെതിരെയും സമസ്തക്കെതിരെയും മലപ്പുറത്തിനെതിരെയുമെല്ലാം വർഗീയ പ്രസ്താവനയുമായി വെള്ളാപ്പള്ളി രംഗത്തുവന്നത്.

വെള്ളപ്പള്ളി ഇന്നലെ പറഞ്ഞത്: സർക്കാർ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് പോയി ചോദിച്ചില്ലെങ്കിൽ കുഴപ്പമാകുമെന്ന അവസ്ഥയാണ്. കാന്തപുരം പറയുന്നതുകേട്ട്​ ഭരിച്ചാൽ മതിയെന്ന നിലയിലെത്തി കാര്യങ്ങൾ. വി.എസ്​. അച്യുതാനന്ദൻ പറഞ്ഞതുപോലെ കേരളത്തിൽ മുസ്​ലിംകൾ ഭൂരിപക്ഷമായി. ഈ നാട്​ എങ്ങോട്ടാണ്​ പോകുന്നത്​. ഇവിടെ മതേതരത്വമല്ല, മതാധിപത്യമാ​ണ്. സ്കൂൾ സമയമാറ്റം തീരുമാനിച്ചപ്പോൾ ഉടൻ എതിർപ്പുമായി വന്നു സമസ്ത. ഓണത്തിന്‍റെയും ക്രിസ്മസിന്‍റെയും അവധി കുറച്ച്​ അഡ്ജസ്റ്റ്​ ചെയ്​തോളാനാണ്​ പറഞ്ഞത്​. സൂംബ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അതും നിർത്താനാവശ്യപ്പെട്ടു. മലപ്പുറത്ത് പോയി താൻ സത്യം പറഞ്ഞതിന് എല്ലാ മുസ്​ലിംകളും ഒറ്റക്കെട്ടായി തന്നെ ആക്രമിച്ചു. പിന്നീട് മുഖ്യമന്ത്രി പിന്തുണച്ചതോടെയാണ് എല്ലാവരും നാവടക്കിയത്.

സത്യം പറയുമ്പോൾ അത് വർഗീയതയും ജാതീയതയുമാണെന്ന് പറയുന്നു. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെ നിയോജക മണ്ഡലങ്ങൾ കുറച്ചപ്പോൾ മലപ്പുറത്ത്​ നാല് സീറ്റുകളാണ് കൂടിയത്. കേരളത്തിൽ മുസ്​ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും കൂടുതൽ ചോദിക്കും. മലബാറിന് പുറത്ത് തിരു-ക്കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. മുഖ്യമന്ത്രിസ്ഥാനമാണ് ലീഗ് ലക്ഷ്യമിടുന്നത്. സംവരണ സമുദായ മുന്നണിയുടെ ഭാഗമായി കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്നെങ്കിലും മുസ്​ലിംകളാണ് കാര്യം സാധിച്ചത്. ഈഴവന് ഒരു പ്രയോജനവുമുണ്ടായില്ല. സാമൂഹികനീതിയെപ്പറ്റി ആരും പറയുന്നില്ല. പേരിൽപോലും ജാതിയുള്ളകാലത്ത് ഈഴവർ ജാതിയെപ്പറ്റി പറഞ്ഞാൽ ഗുരുദർശനം തെറ്റായി വ്യാഖ്യാനിച്ച് പ്രതിരോധിക്കാൻ വരും. വ്യവസായ മേഖലയിൽ മുസ്​ലിം ആധിപത്യമാണ്. വിദ്യാഭ്യാസ മേഖല ക്രിസ്ത്യൻ സമുദായം കുത്തകയാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഈഴവർക്ക് പ്രാതിനിധ്യം. കോട്ടയത്തിന്‍റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലാണ്​. ഒന്നിച്ചുനിന്നാണ്​ മറ്റുള്ളവർ എല്ലാം നേടുന്നത്​. ഈഴവർ രാഷ്​ട്രീയ ശക്തിയാകണം. ഏത് പാർട്ടിയിൽ ചേർന്നാലും പ്രാതിനിധ്യം നേടിയെടുക്കണം.

Tags:    
News Summary - Vellappally's hate speech- Sadiq Ali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.