തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ വിജിലൻസ് നടത്തിയ ‘മിന്നൽ പരിശോധന’ സംബന്ധിച്ച വിവരം ചോർന്നു. പരിശോധന സംഘം എത്തും മുമ്പേ ഇടനിലക്കാരെ ഒഴിവാക്കാനും കാര്യമായ തയാറെടുപ്പ് നടത്താനും ഓഫിസുകൾക്ക് സാവകാശം കിട്ടി.
നിലമ്പൂരിലെ ജോയന്റ് ആർ.ടി.ഒ ഓഫിസ് പരിസരത്തുനിന്ന് നോട്ടുകെട്ടുകൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ചില വാട്ട്സ് ആപ് ഗ്രൂപ്പുകളിൽ നടന്ന ചർച്ചകളാണ് വിവരചോർച്ചയിലേക്ക് വിരൽ ചൂണ്ടുന്നത്.
‘‘വിജിലൻസ് റെയ്ഡുണ്ടാകുമെന്ന വിവരം എല്ലാം ആർ.ടി.ഒ ഓഫിസുകളിലും അറിഞ്ഞിരുവെന്നും നിലമ്പൂർ ആർ.ടി.ഒ ഓഫിസിൽ ഇത്രയും സൂക്ഷ്മതയില്ലാത്ത ക്ലർക്കുമാരാണെങ്കിൽ പിന്നെ എന്ത് ചെയ്യാനെന്നുമാണ്’’ ശബ്ദ സന്ദേശം. വിജിലൻസ് വിഭാഗം ‘ഓപറേഷൻ ക്ലീൻ വീൽസ്’ എന്ന് പേരിട്ട് അതീവ രഹസ്യമായി ഒരേസമയം 81 ഓഫിസുകളിൽ നടത്തിയ പരിശോധനയാണ് ചോർന്നത്. ഒറ്റപ്പെട്ട ക്രമക്കേടുകളും വാട്ട്സ് ആപ് ചാറ്റുകളുമല്ലാതെ കാര്യമായൊന്നും പിടികൂടാൻ വിജിലൻസിന് കഴിയാത്തതിന് കാരണവുമിതാണ്.
നിലവിൽ ഉച്ചക്കുശേഷം പൊതുജനങ്ങൾക്ക് ഓഫിസുകളിൽ പ്രവേശനമില്ല. അപേക്ഷകരുടെ ‘കയറിയിറക്കം’ ഓഫിസ് പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയത്. ഇതാകട്ടെ ഇടനിലക്കാർക്ക് സൗകര്യവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.