വർഗീയ പരാമർശത്തിൽ വെള്ളാപ്പള്ളിയെ തള്ളി സി.പി.എം; വിമർശനം പേരെടുത്ത് പറയാതെ

തിരുവനന്തപുരം: കേരളത്തിന്‍റെ മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശത്തിന്‍റെ പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്‍റെ പ്രതികരണം. വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ കേന്ദ്ര സർക്കാറിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ ബദൽ നയങ്ങളുയർത്തി മുന്നോട്ടുപോവുകയാണ്. എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന അവശതകൾ പരിഹരിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. സാമൂഹിക നീതീയും മതനിരപേക്ഷതയും ആ നയത്തിൻറെ അടിസ്ഥാനവുമാണ്.

മതനിരപേക്ഷതാ സംരക്ഷണത്തിന്‍റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ പാർട്ടി കാണുന്നത്. മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ എല്ലാ മതവിശ്വാസികൾക്കും വിശ്വാസികളല്ലാത്തവർക്കും ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയൂവെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. എല്ലാ ജനവിഭാഗങ്ങളുടേയും പ്രശ്നങ്ങൾ കേൾക്കാനും ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്താവനയിൽ പറയുന്നു.

അതിദാരിദ്ര്യം പരിഹരിക്കുന്നതും മിഷനുകളുടെ പ്രവർത്തനവും ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങളുമെല്ലാം എല്ലാ വിഭാഗത്തിലുമുള്ള പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടിയാണ്.

കേരളത്തിന്‍റെ സാമൂഹിക പുരോഗതിക്ക് വലിയ സംഭാവനയാണ് നവോഥാന പ്രസ്ഥാനങ്ങൾ ചെയ്തത്. അത്തരം പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച സാമൂഹിക നീതിയുടെ പ്രശ്നത്തെ ഉൾക്കൊണ്ടുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചത്.

അതോടൊപ്പം, പാവപ്പെട്ട ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുള്ള നടപടികളും ഒപ്പം സ്വീകരിച്ചു. അവശ ജനവിഭാഗത്തോടൊപ്പം നിന്ന് നടത്തിയ പ്രവർത്തനങ്ങളാണ് പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തിയത്. രാജ്യത്ത് വൻകിട കോർപറേറ്റുകളുടെ നയങ്ങൾ സാധാരണ ജനങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനെതിരെ ഉയർന്നുവരുന്ന ജനകീയ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതിനാണ് വർഗീയതയെ കോർപറേറ്റ് മാധ്യമങ്ങൾ പിന്തുണക്കുന്നത്. സമൂഹത്തെ വർഗീയവത്കരിക്കുകയെന്നത് കോർപറേറ്റ് താൽപര്യം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

എല്ലാതരം വർഗീയതകളെയും ചെറുത്ത് നിന്നുകൊണ്ട് മാത്രമേ കേരളത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ നിലനിർത്താനാവൂ. മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്‍റെ പ്രശ്നങ്ങൾ ആർക്കും അവതരിപ്പിക്കാം എന്നാൽ അത് മതവൈര്യമുൾപ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

നേരത്തെ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുസ്‌ലിം ലീഗ് നേതാക്കൾ എന്നിവർ വെള്ളാപ്പള്ളിയെ വിമർശിച്ച് രംഗത്തുവന്നപ്പോൾ, മന്ത്രി വി. വാസവൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പുകഴ്ത്തുകയാണ് ചെയ്തത്. ഗുരുദേവന്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നതെന്നും ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണെന്നായിരുന്നു എം.സ്വരാജ് പ്രതികരിച്ചത്. ശ്രീനാരായണഗുരുവും എസ്.എൻ.ഡി.പി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണിതെന്നും മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നിർഭയനായി അഭിപ്രായം രേഖപ്പെടുത്തുന്നതാണ് വെള്ളാപ്പള്ളിയുടെ വലിയ പ്രത്യേകതയെന്നാണ് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞത്. മൂന്ന് പതിറ്റാണ്ട് കാലം സമുദായത്തിന്‍റെ ജനറൽ സെക്രട്ടറി പദവി വഹിച്ച ഒരു സമുദായ നേതാവുമില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Vigilant against interventions that undermine secular culture - CPM State Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.