പാലക്കാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെയായിരുന്നു ബൽറാമിന്റെ വിമർശനം.
"കേരളം തള്ളിക്കളയും, സംശയമില്ല. പക്ഷേ പിണറായി വിജയൻ മുതൽ വി.എൻ വാസവൻ വരെയുള്ള സി.ജെ.പിക്കാർ തള്ളിപ്പറയുമോ എന്നതാണ് ചോദ്യം."- വി.ടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
എന്നാൽ, താൻ നടത്തിയത് ബോധപൂർവമുള്ള പരാമർശമാണെന്നും അതിൽ നിന്നും പിന്നോട്ടില്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വെള്ളാപ്പള്ളി. ഇന്നലെ കോട്ടയത്ത് വെച്ച് നടത്തിയ പരാമർശം ഇന്ന് കൊച്ചിയിൽ വെച്ച് ആവർത്തിക്കുയാണ് അദ്ദേഹം ചെയ്തത്. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരെയും സമസ്തയെയും മലപ്പുറം ജില്ലയെയും കേരളത്തിലെ മുസ്‌ലിം ജനവിഭാഗങ്ങളേയും അവഹേളിക്കുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളി കോട്ടയത്ത് നടത്തിയത്. അതിന്റെ തുടർച്ച തന്നെയായിരുന്നു കൊച്ചിയിലും നടത്തിയത്.
വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശനും, മുസ്‌ലിം ലീഗ് നേതാക്കളും, സി.പി.എം നേതാവ് എം.സ്വരാജും രംഗത്തെത്തി.
ഗുരുദേവന്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നതെന്നും ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണെന്നായിരുന്നു എം.സ്വരാജ് പ്രതികരിച്ചത്. ശ്രീനാരായണഗുരുവും എസ്.എൻ.ഡി.പി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണിതെന്നും മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളിക്കെതിരെ വിമർശനം ശക്തമാകുമ്പോഴും പുകഴ്ത്തുകയാണ് മന്ത്രി വി.എൻ. വാസവൻ ചെയ്തത്. നിർഭയനായി അഭിപ്രായം രേഖപ്പെടുത്തുന്നതാണ് വെള്ളാപ്പള്ളിയുടെ വലിയ പ്രത്യേകതയെന്നാണ് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞത്. മൂന്ന് പതിറ്റാണ്ട് കാലം സമുദായത്തിന്‍റെ ജനറൽ സെക്രട്ടറി പദവി വഹിച്ച ഒരു സമുദായ നേതാവുമില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.