കൊച്ചി: ജോലി സമയം ക്രമപ്പെടുത്തി തൊഴിൽ- ജീവിത സന്തുലനത്തിന് നിർദേശങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിശ്ചിത സമയത്ത് ജോലി അവസാനിപ്പിക്കലും വ്യക്തി - കുടുംബ ജീവിതത്തിലേക്ക് ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കടന്നുകയറുന്നത് ഒഴിവാക്കലുമാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് എല്ലാ സർക്കിൾ ചീഫ് ജനറൽ മാനേജർമാർക്കും ബാങ്ക് കത്തയച്ചു.
തൊഴിൽ സംസ്കാരത്തിൽ വരുത്തുന്ന ഈ മാറ്റം തിങ്കളാഴ്ച മുതൽ എല്ലാ ശാഖകളിലും ഓഫിസുകളിലും നടപ്പാക്കണമെന്നും ഇത് പാലിക്കപ്പെട്ടുവെന്ന് 23നകം അറിയിക്കണമെന്നുമാണ് ഹെഡ് ഓഫിസ് ചീഫ് ജനറൽ മാനേജർ (ഓപറേഷൻസ്) ഡി. മേരി സഗയ അയച്ച കത്തിൽ നിർദേശിച്ചിരിക്കുന്നത്.
നിശ്ചിത സമയത്തിനകം കാര്യക്ഷമമായി ജോലി പൂർത്തിയാക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക, അതുവഴി ആവശ്യത്തിന് വിശ്രമം, മാനസികാരോഗ്യം തുടങ്ങിയവ ലഭ്യമാക്കാൻ സഹായിക്കുക എന്നിവയാണ് ‘കട്ട് -ഓഫ് ടൈം’ എന്ന പരിഷ്കരണം വഴി ലക്ഷ്യമിടുന്നതെന്ന് കത്തിൽ പറയുന്നു. നിശ്ചിത സമയത്തിനപ്പുറത്തേക്ക് അത്യാവശ്യമായി ജോലി നീട്ടേണ്ടതുണ്ടെങ്കിൽ അധികാരിയിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. യോഗങ്ങൾ, ഔദ്യോഗിക ആവശ്യത്തിനുള്ള വിളികൾ, ഇ-മെയിലുകൾ എന്നിവ ജോലി സമയത്ത് (കട്ട്- ഓഫ് ടൈം) മാത്രം മതി. അത് കഴിഞ്ഞുള്ള സമയം അത്യാവശ്യത്തിനായാൽ പോലും പരസ്പരമുള്ള മുൻ ധാരണയോടെ മാത്രമേ വിളിക്കാവൂ.
ഈ മാറ്റങ്ങൾ ബാങ്കിന്‍റെ ഉയർന്ന തലത്തിലുള്ളവർ വിലയിരുത്തുകയും ചെയർമാൻ, എം.ഡി എന്നിവർ മുമ്പാകെ അവതരിപ്പിക്കുകയും വേണം. രാത്രി ഒമ്പത് മണിയാണ് ശാഖകളിലെ കട്ട് - ഓഫ് സമയം. ഇത് ആറ് മാസത്തേക്കാണ് ഇപ്പോൾ നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ഓഫിസുകളിൽ നിലവിൽ രാവിലെ ആറ് മുതൽ രാത്രി എട്ട് വരെ എന്ന പ്രവൃത്തി സമയം ആവശ്യപ്രകാരം തീരുമാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.