അവളുടെ കച്ചവട സ്റ്റാളിലെ പാവകൾ
ജിദ്ദയിലെ ഷറഫിയ്യ അങ്ങാടി ഉറക്കത്തിലേക്ക് പോകുന്ന സമയം. വഴിയോരങ്ങളിൽ കുറ്റിയടിച്ച കച്ചവടക്കാർ അവരുടെ സാധനങ്ങൾ കാർട്ടൂൺ ബോക്സുകളിലേക്ക് മാറ്റി അന്നത്തെ കച്ചവടം നിർത്തി സ്ഥലം കാലിയാക്കുവാനുള്ള ഒരുക്കത്തിൽ. റസ്റ്റാറന്റുകളിലൊക്കെ ആളുകൾ സജീവം. അൽപം പടിഞ്ഞാറ് ഭാഗത്ത് യമനികളുടെ തള്ളുവണ്ടികളിലെ പച്ചക്കറി ഫ്രൂട്സ് കച്ചവടം പൊടിപിക്കുന്നു. ഒരു പൂരപ്പറമ്പ് പോലെ ആളുകൾ അതിന് ചുറ്റും കൂടി നിൽകുന്നുണ്ട്.
ചില തുണിക്കടകളും മൊബൈൽ കടകളും തുറന്നിരിക്കുന്നു. അതൊക്കെ നോക്കി അലസമായി നിന്ന എന്നെ വെട്ടിച്ചുകൊണ്ട് ഒരു പെൺകുട്ടി ഓടിപ്പോയി. കൈയിൽ ഒരു കവറുണ്ട്. തട്ടിപ്പറി സംഘം ഇറങ്ങുന്ന സമയം കൂടിയാണ്. ചെറുവഴികളിൽ തട്ടിപ്പുകൾ അരങ്ങേറാറുണ്ട്. കൂടിനിൽക്കുന്നവർ വീക്ഷിക്കുന്നുണ്ട് ആ ഓടുന്ന പെൺകുട്ടിയെ. പലരും കരുതിയ പോലെ തട്ടിപ്പറിച്ചു ഓടുന്നതാകാനേ വഴിയുള്ളൂ എന്ന് ഞാനും കരുതി. ഏതായാലും ഒന്നുകിൽ പിടിക്കപ്പെടും, അല്ലെങ്കിൽ അവൾ ഓടിരക്ഷപ്പെടും. എന്റെ കണ്ണുകൾ ആ ഓട്ടത്തിന്റെ പിന്നാലെയുണ്ട്, ഒരു ആകാംക്ഷ. ആ പെൺകുട്ടി ചെന്നെത്തിയത് നടന്നുനീങ്ങുന്ന രണ്ടു പാകിസ്താനികളുടെ അടുത്തേക്കാണ്. അവളുടെ കൈയിലുള്ള കവർ അവർക്ക് കൈമാറി.
അത് വാങ്ങിക്കുന്ന അവരുടെ മുഖത്ത് ഒരു വെളിച്ചം മിന്നി. പെൺകുട്ടിയോട് അവർ നന്ദി പറയുകയാണെന്ന് തോന്നി. അതിന് ശേഷം അവൾ തിരികെ നടക്കുന്നു. അവളുടെ മുഖത്തും ഒരു സന്തോഷ ഭാവം. ഒരു പുഞ്ചിരി വിടർന്നുനിൽക്കുന്നു. അവൾ തിരിച്ചെത്തിയത് വഴിയരികിൽ കളിപ്പാട്ടങ്ങളും ചീപ്പ് കണ്ണാടി തുടങ്ങി പലപല വസ്തുക്കളും വിൽക്കാൻ വെച്ച ഒരു താൽക്കാലിക സ്റ്റാളിന് അടുത്തേക്കാണ്. പാവകൾ ഉൾപ്പെടെയുള്ള കുഞ്ഞുകുഞ്ഞ് സാധനങ്ങളാണ് ആ സ്റ്റാളിലുള്ളത്. അത് അവളുടേതാണെന്ന് നോക്കിനിൽക്കുമ്പോൾ മനസ്സിലായി. ഓടിയതിന്റെ കിതപ്പ് ഇപ്പോഴും അവളിലുണ്ട്. കിതപ്പിനിടയിലും അവളുടെ മുഖത്ത് സന്തോഷത്തിന്റെ മിന്നലാട്ടങ്ങൾ. കുറച്ചുനേരം എനിക്ക് വേണ്ടി വന്നു, അവിടെ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ.
അവളുടെ അടുത്ത് സാധനങ്ങൾ വാങ്ങാൻ വന്നതാണ് ആ പാകിസ്താനികൾ. അവർ വാങ്ങി പണം കൊടുത്ത് നടന്നുനീങ്ങി. പക്ഷേ വാങ്ങിയ സാധനങ്ങൾ എടുക്കാൻ മറന്നു. അതവർ കൊണ്ടുപോയിട്ടില്ലെന്ന് കുറച്ചുകഴിഞ്ഞാണ് ആ പെൺകുട്ടി മനസ്സിലാക്കുന്നത്. ഉടൻ അതുമെടുത്ത് അവരുടെ പിന്നാലെ ഓടിയതാണ് തൊട്ടുമുമ്പ് സംഭവിച്ചത്.അവളെ തന്നെ നോക്കിനിന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.
ഇങ്ങനെയും കുട്ടികൾ ഉണ്ടോ ഈ കാലത്ത്? മറന്നുവെച്ച വസ്തു ഞൊടിയിടയിൽ റോഡും ജനത്തിരക്കും മുറിച്ച് കടന്നു ഉടമക്ക് കൊണ്ടുപോയി കൊടുക്കുന്നു. ശേഷം ഒന്നും സംഭവിക്കാത്ത പോലെ തിരിച്ചുവന്നു വീണ്ടും കച്ചവടത്തിൽ മുഴുകുന്നു. ശുദ്ധ മനസ്കയായ ഒരു പെൺകുട്ടി. ആ സ്വഭാവ സവിശേഷത തുടർന്നുള്ള ജീവിതത്തിലും നിലനിൽക്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് ഞാൻ നോട്ടം പിൻവലിച്ചു. ‘നിങ്ങൾ സത്യസന്ധരോടൊപ്പം നിലകൊള്ളുക’ എന്ന ഖുർആൻ വാക്യം ഓർമയിൽ തെളിഞ്ഞു.
രണ്ടുദിവസത്തിന് ശേഷവും ഈ സംഭവം മനസ്സിൽ പച്ചപിടിച്ചുകിടന്നു. അവളുടെ അടുത്ത് പോയി മക്കൾക്കായി ഒരു പാവയെ വാങ്ങണം എന്ന് മനസ്സിൽ നിശ്ചയിച്ചു. അത് നല്ലൊരു അനുഭവത്തിന്റെ സ്മാരകവുമാവുമല്ലോ. അടുത്ത ദിവസം അവിടെ പോയി. ഒരു പാവ വാങ്ങി, അവൾ അഞ്ചു റിയാലെന്ന് വില പറഞ്ഞു. 10 റിയാൽ കൊടുത്തു. അഞ്ചു റിയാൽ തിരിച്ചുനീട്ടി.. വേണ്ടെന്നു പറഞ്ഞു... ഞാൻ പേര് ചോദിച്ചു ദുനിയ എന്ന് പേര് പറഞ്ഞു. ഇന്തോനേഷ്യയിൽനിന്നാണെന്നും പറഞ്ഞു. പന്ത്രണ്ടോ പതിമൂന്നോ വയസ്സ് കാണും... സത്യസന്ധതക്ക് ദുനിയ എന്നൊരു പര്യായം കൂടി എന്ന് മനസ്സിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.