കഴിഞ്ഞ ഡിസംബറിൽ വത്തിക്കാനിൽ നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുക്കാൻ ശിവഗിരി മഠത്തിലെ സ്വാമിമാരോടൊപ്പം എത്തിയ നഈം അഹമ്മദിന് ഫ്രാൻസിസ് മാർപാപ്പ കൈ കൊടുക്കുന്നു
ബാലുശ്ശേരി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ നാല് മാസം മുമ്പ് പകർന്നു നൽകിയ സ്നേഹാർദ്രമായ കരസ്പർശം വടക്കയിൽ നസ്രുല്ല -മൈമൂന ദമ്പതികളുടെ മകൻ നഈം അഹമ്മദിന് ജീവിത കാലം മുഴുവൻ ഓർമച്ചെപ്പിൽ സൂക്ഷിക്കാം. നാല് വർഷം മുമ്പ് ഇറ്റലിയിലെ റോമിൽ സ്റ്റാറ്റിസ്റ്റിക്സിൽ മാസ്റ്റേഴ്സ് പഠനത്തിനായെത്തിയ നഈം അഹമ്മദും നന്മണ്ട ചീക്കിലോട് സ്വദേശിയായ സുനീറും പഠന ശേഷം ഇറ്റലിയിൽ തന്നെ ടൂറിസം ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട ജോലി നോക്കി വരികയാണ്.
കഴിഞ്ഞ ഡിസംബറിൽ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ സർവമത സമ്മേളനം സംഘടിപ്പിച്ചപ്പോൾ മലയാളികളായ ഇവരുടെ ട്രാവൽ ഏജൻസിക്കായിരുന്നു ശിവഗിരി മഠത്തിലെ സന്യാസിമാർക്കാവശ്യമായ സേവനങ്ങൾ നൽകേണ്ട ചുമതല ലഭിച്ചത്. മുസ്ലിം ലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങൾ, ഹാരിസ് ബീരാൻ എം.പി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവർക്കാവശ്യമായ സേവനവും നഈം അഹമ്മദായിരുന്നു നൽകിയത്.
ഇവരുടെ സംഘത്തോടൊപ്പമുള്ളതു കൊണ്ടായിരുന്നു നഈം അഹമ്മദിനും വത്തിക്കാനിൽ മാർപാപ്പയുടെ വസതിയിലെത്താനും അദ്ദേഹത്തെ സന്ദർശിക്കാനും ഭാഗ്യമുണ്ടായത്. വത്തിക്കാൻ സ്ക്വയറിലെ അഗസ്റ്റീനിയൻ ഹാളിലായിരുന്നു സമ്മേളനം. കേരളത്തിൽ നിന്നുള്ള സ്വാമിമാരെയും മറ്റു പ്രമുഖ വ്യക്തികളെയും പരിചയപ്പെട്ട മാർപാപ്പ ഇവരോടൊപ്പമുണ്ടായിരുന്ന നഈം അഹമ്മദിനെയും പരിചയപ്പെടാൻ മറന്നില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണ് ഈയൊരു സന്ദർഭമെന്നും കാരുണ്യവും സ്നേഹവും മുഖമുദ്രയാക്കിയ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് ലോകത്തിന്റെ നഷ്ടമാണെന്നും നഈം അഹമ്മദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.