മംഗളൂരു: ബിസിനസുകാരിൽനിന്നും സമ്പന്നരായ വ്യക്തികളിൽനിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ വ്യാഴാഴ്ച രാത്രി മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ജപ്പീനമോഗരു നിവാസിയായ റോഷൻ സൽദാനയാണ് (45) അറസ്റ്റിലായത്. ബിസിനസുകാരനായി വേഷം കെട്ടി മറ്റു ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും സമ്പന്നരായ വ്യക്തികളെ ലക്ഷ്യമിട്ടാണ് റോഷൻ പ്രവർത്തിച്ചിരുന്നത്.
മൂന്ന് മാസത്തിനുള്ളിൽ 45 കോടി രൂപയുടെ ഇടപാടുകൾ ഇയാൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാൾ 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. ജപ്പീനമോഗരുവിലെ തന്റെ ആഡംബര ബംഗ്ലാവിലേക്ക് ഇരകളെ ക്ഷണിക്കുകയും അവിടെ ബിസിനസ് മീറ്റിങ്ങുകൾ നടത്തുകയും ചെയ്യുമായിരുന്നു. അഞ്ച് കോടി മുതൽ 100 കോടി വരെയുള്ള ഇടപാടുകൾ ഇയാൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
പ്രാഥമിക ചർച്ചകൾക്ക് ശേഷം, 50-100 കോടിയോ അതിൽ കൂടുതലോ വലിയ ഇടപാടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയായോ മുൻകൂർ തുകയോ ആയി 5-10 കോടി രൂപ ഈടാക്കുമായിരുന്നു. ഉദ്ദേശിച്ച തുക ലഭിച്ചുകഴിഞ്ഞാൽ ഒഴികഴിവുകൾ കണ്ടെത്തുകയും ഇരകളുമായുള്ള കൂടുതൽ ഇടപാടുകൾ ഒഴിവാക്കുകയും ചെയ്യുമായിരുന്നു. തന്റെ കെണിയിൽ അകപ്പെട്ട വ്യക്തികളിൽ നിന്ന് റോഷൻ 50 ലക്ഷം മുതൽ നാലു കോടി വരെ രൂപ വാങ്ങിയിരുന്നതായും പിന്നീട് ഒരു തുമ്പും കൂടാതെ അപ്രത്യക്ഷനായതായും പൊലീസ് വെളിപ്പെടുത്തി.
പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയ വിലപിടിപ്പുള്ള സാധനങ്ങൾ പൊലീസിനെ ഞെട്ടിച്ചു. ആഡംബരപൂർണമായ ബംഗ്ലാവിൽ ആഡംബരപൂർണമായ ഇന്റീരിയറുകളും രഹസ്യ അറകളും ഉണ്ടായിരുന്നു. വീട്ടിലുടനീളം സി.സി.ടി.വി നിരീക്ഷണം സ്ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.