മംഗളൂരു: ഉഡുപ്പി ജില്ലയിലെ കാർക്കളക്കടുത്ത് ഉമ്മിക്കൽ ബേട്ടയിൽ പരശുരാമൻ തീം പാർക്കിനായി പരശുരാമ ശിൽപം നിർമിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കാർക്കള ടൗൺ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ശിൽപി കൃഷ്ണ നായിക്, ഉഡുപ്പി ജില്ല നിർമിതി കേന്ദ്ര പ്രോജക്ട് ഡയറക്ടർ അരുൺ കുമാർ, നിർമിതി കേന്ദ്ര എൻജിനീയർ സച്ചിൻ വൈ. കുമാർ എന്നിവർക്കെതിരെയാണ് കുറ്റപത്രം.
120 ബി (ക്രിമിനൽ ഗൂഢാലോചന), 409 (ക്രിമിനൽ വിശ്വാസ വഞ്ചന), 420 (വഞ്ചന), 201 (തെളിവുകൾ നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് 1231 പേജുള്ള കുറ്റപത്രം കാർക്കളയിലെ സീനിയർ സിവിൽ ജഡ്ജി മുമ്പാകെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ വർഷം ജൂൺ 21ന് കൃഷ്ണ ഷെട്ടി നൽകിയ പരാതിയിൽ കേസെടുത്താണ് അന്വേഷണം നടത്തിയത്.
പരശുരാമ വിഗ്രഹം തീം പാർക്കിൽ സ്ഥാപിച്ചതിന് നിർമിതി കേന്ദ്രത്തിൽനിന്ന് കൃഷ്ണ ആർട്ട് വേൾഡിലെ നായിക് ഫണ്ട് സ്വീകരിച്ചു. വെങ്കല വിഗ്രഹം നിർമിക്കുന്നതിന് പകരം, പിച്ചളയിൽ വിഗ്രഹം നിർമിച്ച് സർക്കാറിനെ വഞ്ചിച്ചുവെന്നാണ് പരാതി. പ്രതിമ നിർമിക്കാനുള്ള വർക്ക് ഓഡറിൽ വ്യക്തമാക്കിയ നിബന്ധനകളും വ്യവസ്ഥകളും അരുണും നായിക്കും പാലിച്ചിട്ടുമില്ല. 2023 ജനുവരി 27ന് അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് തീം പാർക്ക് ഉദ്ഘാടനം ചെയ്തത്.
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ അന്നത്തെ ഊർജ മന്ത്രി കാർക്കള എം.എൽ.എയുമായ വി. സുനിൽ കുമാർ തിരക്കിട്ട് ഉദ്ഘാടനം നടത്തിക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ടായിരുന്നു. പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രതിമ പൂർണമായും വെങ്കലം കൊണ്ടാണ് നിർമിച്ചതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു.
2024 നവംബർ 11ന് കേരളത്തിൽനിന്ന് പൊലീസ് ശിൽപിയെ അറസ്റ്റ് ചെയ്യുകയും കാർക്കള കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.