ബംഗളൂരു: നഗരത്തിലെ തടാകങ്ങൾ വികസിപ്പിക്കാനെന്ന പേരിൽ എൻ.ജി.ഒകളും സ്വകാര്യ സംഘങ്ങളും നിർബന്ധ പണപ്പിരിവ് നടത്തുന്നതിൽ മുന്നറിയിപ്പുമായി ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി). ഇത്തരത്തിലുള്ള ഫണ്ട് ശേഖരണങ്ങൾക്ക് കോടതി വിലക്ക് നിലനിൽക്കുന്നുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും ബി.ബി.എം.പി വ്യക്തമാക്കി.
ബംഗളൂരു സൗത്ത് പാർലമെന്റ് മണ്ഡലത്തിലെ ഒരു തടാക വികസനത്തിനായി ഒരു പ്രമുഖ സംഘടന യു.പി.ഐ പേമെന്റിനായി ക്യു.ആർ കോഡ് ഉപയോഗിച്ച് പണം ശേഖരിച്ചുവെന്ന വിവരം പുറത്തുവന്നിരുന്നു. തടാകം നഗരസഭയുടെ സ്വത്താണ്. സ്വകാര്യ സംഘടനകൾ നിയമാനുസൃതമല്ലാതെ ഫണ്ട് ശേഖരിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. ചില സംഘടനകൾ തങ്ങൾ നിയമിച്ച സുരക്ഷ ജീവനക്കാർ വഴി ബി.ബി.എം.പിയുടെ മെയിന്റനൻസ് ടീമിനെയും എൻജിനീയർമാരെയും തടഞ്ഞതായും ഇത് അംഗീകരിക്കാനാവില്ലെന്നും ബി.ബി.എം.പി എൻജിനീയർ വ്യക്തമാക്കി.
ഇത്തരം സംഘടനകൾ ബി.ബി.എം.പിയുമായി ധാരണാപത്രം ഒപ്പിടേണ്ടതുണ്ടെന്നും തടാകവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള വാണിജ്യപ്രവർത്തനവും നടത്തില്ലെന്ന് ധാരണാപത്രത്തിൽ ഉറപ്പ് നല്‍കേണ്ടതുണ്ടെന്നും ബി.ബി.എം.പി അറിയിച്ചു. ഒരു എൻ.ജി.ഒ.ക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചതായാണ് വിവരം. കര്‍ണാടക തടാക വികസന സംരക്ഷണ അതോറിറ്റി (കെ.ടി.ഡി.സി.എ) വിഷയത്തില്‍ നിലപാട് വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് വഴി ജലാശയ വികസനത്തിന് ഫണ്ടുകൾ ശേഖരിക്കുന്നത് നിലവിൽ നിയമവിരുദ്ധമാണെന്നും, കോടതിയിലുള്ള കേസിൽ തീർപ്പുണ്ടാകുന്നതുവരെ ഫണ്ട് ശേഖരിക്കരുതെന്നും അത്തരം നടപടി ശ്രദ്ധയിൽപ്പെട്ടാൽ തടാക വികസനത്തിനായി നൽകിയ അനുമതി റദ്ദാക്കുമെന്നും കെ.ടി.ഡി.സി.എ അറിയിച്ചു. തടാക ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചിരുന്ന ജഡ്ജി സുപ്രീം കോടതിയിലേക്ക് പ്രമോഷൻ ലഭിച്ച് പോയിരുന്നു. അതിനാൽ ആദ്യത്തെ വിധി ഇപ്പോഴും നിലനില്‍ക്കുന്നതായും, പുതിയ ഹിയറിംഗ് ഉടന്‍ നടക്കുമെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.