ബംഗളൂരു: ബംഗളൂരു ഐ.ഐ.എസ്.സിയിലെ ജാതി വിവേചന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രതികൾക്ക് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ച് കർണാടക ഹൈകോടതി. തന്റെ വാദം കേൾക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന ഐ.ഐ.എസ്.സി മുൻ പ്രഫസർ ഡോ. സന്ന ദുർഗപ്പയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ മുൻ ഉത്തരവ് പിൻവലിച്ചത്.
ക്രിസ് ഗോപാലകൃഷ്ണൻ, ഐ.ഐ.എസ്.സി മുൻ ഡയറക്ടർ ബലറാം, രജിസ്ട്രാർ ശ്രീധർ വാര്യർ, ഗവേണിങ് കൗൺസിൽ അംഗങ്ങളായ ഗോവിന്ദൻ രംഗരാജൻ, സന്ധ്യ വിശേശ്വരയ്യ, ഹരി കെ.വി.എസ്, ദാസപ്പ, പി. ബലറാം, ഹേമലത മഹിഷി, കെ. ചന്ദോപാധ്യായ, ഡി. പ്രദീപ്, മനോഹരൻ എന്നിവരടക്കം 18 പേർക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് ബംഗളൂരു സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർചെയ്തത്. ആദിവാസി വിഭാഗമായ ബോവി സമുദായക്കാരനായ ദുർഗപ്പ നൽകിയ ഹരജിയിൽ 71ാം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശപ്രകാരം, പട്ടികജാതി-പട്ടിക വർഗക്കാർക്കെതിരായ അതിക്രമത്തിനുള്ള വകുപ്പു പ്രകാരമായിരുന്നു കേസ്.
ഐ.ഐ.എസ്.സിയിലെ സെന്റർ ഫോർ സസ്റ്റയിനബിൾ ടെക്നോളജിയിൽ ഫാക്കൽറ്റി അംഗമായിരുന്ന തന്നെ 2014ൽ വ്യാജമായി ഹണിട്രാപ്പ് കേസിൽപെടുത്തുകയും സർവിസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തതായായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിനു പുറമെ, ജാതി അധിക്ഷേപത്തിനും ഭീഷണികൾക്കും താൻ ഇരയായതായും ഹരജിക്കാരൻ ആരോപിച്ചിരുന്നു.
തങ്ങൾക്കെതിരായ കേസ് ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ കർണാടക ഹൈകോടതിയെ സമീപിച്ചു. ഈ ഹരജി ഏപ്രിൽ 16ന് പരിഗണിക്കവെ, എതിർകക്ഷിയായ സന്ന ദുർഗപ്പയോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നേരിട്ടോ വിഡിയോ കോൺഫറൻസിങ് വഴിയോ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസിന്നാസ്പദമായ എഫ്.ഐ.ആർ റദ്ദാക്കി ഹരജിക്കാർക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.
ഇതിനെ ചോദ്യംചെയ്ത് സന്ന ദുർഗപ്പ നൽകിയ ഹരജിയിലാണ് മുൻ ഉത്തരവ് പിൻവലിച്ച് ഹൈകോടതി ഇടപെടൽ. വസ്തുതകളുടെയും സാഹചര്യത്തിന്റെയും അടിസ്ഥാനത്തിൽ എതിർ കക്ഷിക്ക് സബ്മിഷൻ ഉന്നയിക്കാൻ ഒരവസരംകൂടി നൽകേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജി ആഗസ്റ്റ് ഏഴിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.