മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ ദേശീയ പാതയിൽ ഒരു വർഷം മുമ്പ് മണ്ണിടിഞ്ഞ വേളയിൽ ഗംഗാവാലി നദിക്കരയിൽ യജമാനന്റെ മണം പിടിച്ചലഞ്ഞ നായ് ഇപ്പോൾ മൃഗസ്നേഹത്തിന്റെ ഐ.പി.എസ് തണലിൽ. ഉത്തര കന്നട ജില്ല പൊലീസ് സൂപ്രണ്ട് എം. നാരായണന്റെ ഔദ്യോഗിക വസതിയിലാണ് നായ് കഴിയുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലെ ദുരന്തത്തിൽ ദേശീയ പാതയോരത്ത് ഹോട്ടൽ നടത്തിയിരുന്ന കെ. ലക്ഷ്മണ നായ്ക് (47), ഭാര്യ ശാന്തി നായ്ക് (36), മകൻ റോഷൻ(11), മകൾ അവന്തിക (ആറ്) എന്നിവർ മണ്ണിനടിയിൽ മറഞ്ഞിരുന്നു. ഇതറിയാതെ നായ്കിന്റെ നായ് നദിക്കരയിൽ അലഞ്ഞത് രക്ഷാദൗത്യങ്ങൾക്കിടയിലെ സങ്കടക്കാഴ്ചയായി വാർത്തകളിലും ഇടം നേടി. കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുന്റെ മൃതദേഹം 72 ദിവസം കഴിഞ്ഞ് പുറത്തെടുത്തതോടെ രക്ഷാദൗത്യം അവസാനിച്ച് ഗംഗാവാലിക്കരയിൽ ആളൊഴിഞ്ഞിരുന്നു.
മൃഗസ്നേഹത്തിന്റെ റൊട്ടിയും ബിസ്കറ്റുമായി കാമറക്കണ്ണുകളെ ആകർഷിച്ചവരും പിരിഞ്ഞപ്പോൾ ഒറ്റക്കായിപ്പോയ നായെ എസ്.പി ദത്തെടുക്കുകയായിരുന്നു. പതിവായി കുളിപ്പിക്കൽ, പോഷകാഹാരം, ഊഷ്മളമായ പരിചരണം എന്നിവയിലൂടെ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലാണിപ്പോൾ വേദനകാണ്ഡം താണ്ടിയെത്തിയ നായ്. ജില്ല പൊലീസ് മേധാവിയുടെ സന്ദർശകർക്കിടയിൽ പലപ്പോഴും വി.ഐ.പി പരിഗണന കിട്ടുന്നുണ്ട്.
ചിലരൊക്കെ സെൽഫിയും എടുക്കുന്നു. കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, മുതിർന്ന കോൺഗ്രസ് നേതാവ് ആർ.വി. ദേശ്പാണ്ഡെ, സതീഷ് സെയിൽ എം.എൽ.എ, ഉത്തര കന്നട ജില്ല ചുമതലയുള്ള മന്ത്രി മംഗൾ വൈദ്യ എന്നിവരുൾപ്പെടെ എസ്.പിയുടെ ഔദ്യോഗിക വസതി സന്ദർശിച്ച വേളയിൽ നായുമായി സ്നേഹം പങ്കിട്ടു. ‘എത്ര കാലം ഇവിടെ ജോലി ചെയ്യുമെന്ന് എനിക്കറിയില്ല, പക്ഷേ നായ് ഈ വീട്ടിൽ സുരക്ഷിതമായും പരിചരണത്തിലും തുടരുമെന്ന് ഞാൻ ഉറപ്പാക്കും’- എസ്.പി നാരായണന്റെ വാക്കുകളിലുള്ളത് കാക്കിക്കുള്ളിലെ കരുതലിന്റെ സ്നേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.