ബംഗളൂരു: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്രകാരന്മാരുടെ സംഘടനയായ വൺ ആർട്ട് നേഷനിന്റെ ആഭിമുഖ്യത്തില്‍ കർണാടക ചിത്രകല പരിഷത്തില്‍ ഗാലറിയിൽ നടക്കുന്ന ഏകാങ്ക ചിത്രപ്രദർശനവും സംഘ ചിത്രപ്രദർശനവും ഞായറാഴ്ച സമാപിക്കും.
വൺ ആർട്ട് നേഷൻ ആർട്ട് ഗ്രൂപ്പിന്റെ ചെയർമാൻ ധനേഷ് മാമ്പയുടെ ഏകാങ്ക പ്രദർശനവും അനീഷ് ആര്യ, ബാലകൃഷ്ണൻ കതിരൂർ, ബിന്ദു പി. നമ്പ്യാർ, പി.കെ. ഭാഗ്യലക്ഷ്മി, സി.പി. ദിലീപ് കുമാർ, കെ.കെ.ആർ വെങ്ങര, നിഗേഷ് കരുണാകരൻ, സന്തോഷ് ആലക്കാട്ട്, വത്സൻ കൂർമ കൊല്ലേരി എന്നിവരുടെ സംഘചിത്ര പ്രദർശനവുമാണ് നടക്കുന്നത്. ജലച്ചായത്തിലും അക്രിലിക് നിറങ്ങളിലുമുള്ള എഴുപതോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.
25 വര്‍ഷത്തോളം പരസ്യ മേഖലയില്‍ പ്രവർത്തിച്ച ധനേഷ്, കറുപ്പ്, വെളുപ്പ്, ചാര നിറങ്ങളില്‍ കടലോരത്തെ കാഴ്ചകളും അക്രിലിക് പെയിന്റിങ്ങിലൂടെ ഗ്രാമീണ കാഴ്ചകളും ആസ്വാദകര്‍ക്ക് മുന്നില്‍ വരച്ചിടുന്നു. വരകളിലൂടെയും വർണങ്ങളിലൂടെയും നിത്യ ജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ചിത്രങ്ങൾ.
രാധാ കൃഷ്ണ പ്രണയവും വാസവദത്തയുടെ കാത്തിരിപ്പുകളും ആസ്വാദകർക്ക് പ്രണയത്തിന്റെ നിറഭേദങ്ങള്‍ തുറന്നു കാട്ടുന്നു. 2023 ആഗസ്റ്റില്‍ ആരംഭിച്ച വൺ ആർട്ട് നേഷൻ കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങള്‍, ക്യാമ്പുകള്‍, ചിത്രകല പ്രദർശനങ്ങൾ, സെമിനാറുകള്‍ എന്നിവ നടത്തിവരുന്നുണ്ട്. പ്രദർശനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.