മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ...; സ്വപ്ന ടീമിനെ തെരഞ്ഞെടുത്ത് ബാഴ്സ യുവതാരം യമാൽ

സ്വപ്ന ടീമിനെ തെരഞ്ഞെടുത്ത് ബാഴ്സലോണ യുവതാരം ലാമിൻ യമാൽ. ആധുനിക ഫുട്ബാളിലെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും സ്പെയിൻ താരത്തിന്‍റെ സ്വപ്ന ടീമിൽ ഇടംനേടിയിട്ടുണ്ട്.

കഴിഞ്ഞദിവസം മെസ്സി അണിഞ്ഞിരുന്ന പത്താം നമ്പർ ജഴ്സി, ബാഴ്സ ക്ലബ് യമാലിന് ഔദ്യോഗികമായി സമ്മാനിച്ചിരുന്നു. ലോക ഫുട്ബാളിലെ ഏറ്റവും മൂല്യമേറിയ താരമായ യമാൽ, ഇനി ക്ലബിനൊപ്പം മെസ്സി അവിസ്മരണീയമാക്കിയ പത്താം നമ്പർ ജഴ്സി ധരിച്ചാകും കളിക്കാനിറങ്ങുക. കറ്റാലൻ ക്ലബുമായി ആറു വർഷത്തേക്കാണ് താരം കരാർ പുതുക്കിയത്. 2031 വരെ ബാഴ്സയിൽ തുടരും.

ബാഴ്സയിലും ചിരവൈരികളായ റയൽ മഡ്രിഡിലും കളിക്കുന്നവരും മുമ്പ് കളിച്ചിരുന്നവരുമാണ് യമാലിന്‍റെ ഇഷ്ട ടീമിലുള്ളത്. മുൻ ലോസ് ബ്ലാങ്കോസ് ഗോൾ കീപ്പർ ഐകർ കസിയസ്സാണ് ടീമിന്‍റെ വല കാക്കുന്നത്. മുൻ ബാഴ്സ താരം ഡാനി ആൽവ്സ്, മാഴ്സലോ, സെർജിയോ റാമോസ്, ജെറാർഡ് പീക്വെ എന്നിവരാണ് ടീമിലെ പ്രതിരോധ താരങ്ങൾ. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ, ബാഴ്സയുടെ മുൻ ബ്രസീൽ താരങ്ങളായ നെയ്മർ, റൊണാൾഡിനോ എന്നിവരാണ് മധ്യനിരയിൽ. മുന്നേറ്റനിരയിൽ മെസ്സി, ക്രിസ്റ്റ്യാനോ എന്നിവർക്കൊപ്പം മുൻ ബ്രസീൽ താരം റൊണാൾഡോ നസാരിയോയും അണിനിരക്കും.

റൊണാൾഡോ റയലിനും ബാഴ്സക്കും വേണ്ടി കളിച്ചിട്ടുണ്ട്. യമാലിന് 18 വയസ്സ് തികഞ്ഞതിനു പിന്നാലെയാണ് ക്ലബ് താരത്തിന് 10ാം നമ്പർ ജഴ്സി നൽകിയത്. 2021ൽ മെസ്സി പി.എസ്.ജിയിലേക്ക് പോയതിനുശേഷം അൻസു ഫാറ്റിയും ബാഴ്സയിൽ പത്താം നമ്പർ ജഴ്സി അണിഞ്ഞിരുന്നു. അൻസു ഫാറ്റി ഇറ്റാലിയൻ ക്ലബ് എ.എസ് റോമയിലേക്ക് പോയതിനുശേഷം ബാഴ്സയില്‍ പത്താം നമ്പർ ജഴ്സി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ബാഴ്സയുടെ ആഭ്യന്തര ട്രെബ്ൾ കിരീട നേട്ടത്തിൽ യമാലിന് നിർണായക പങ്കുണ്ടായിരുന്നു. 2023ൽ 15ാം വയസ്സിലാണ് യമാൽ ബാഴ്സക്കായി അരങ്ങേറ്റം കുറിക്കുന്നത്.

തുടക്കത്തിൽ 41ാം നമ്പർ ജഴ്സിയാണ് താരം ധരിച്ചിരുന്നത്. പിന്നാലെ 27ാം നമ്പർ ജഴ്സിയും കഴിഞ്ഞ സീസണിൽ 19ാം നമ്പർ ജഴ്സിയും ധരിച്ചാണ് കളിച്ചത്. 2005-2008 സീസണുകളിൽ ബാഴ്സയിൽ മെസ്സി 19ാം നമ്പർ ജഴ്സിയാണ് ധരിച്ചിരുന്നത്. ലാ ലിഗയിൽ 55 മത്സരങ്ങളിൽനിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരത്തിന്‍റെ ബൂട്ടിൽനിന്ന് പിറന്നത്. ഹാൻസി ഫ്ലിക്ക് പരിശീലകനായി ചുമതലയേറ്റ ആദ്യ സീസണിൽ തന്നെ ലാ ലിഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് കീരിടങ്ങൾ നേടി ടീം കരുത്തു തെളിയിച്ചു.

ബാഴ്സക്കായി 100 മത്സരങ്ങൾ കളിക്കുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 115 മത്സരങ്ങളിൽനിന്ന് 25 ഗോളുകളാണ് താരം നേടിയത്. ലാ ലിഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന്‍റെ പേരിലാണ്. സ്പെയിൻ ദേശീയ ടീമിനായി 19 മത്സരങ്ങൾ കളിച്ചു. 2024 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് കിരീടം നേടിയ സ്പെയിൻ ദേശീയ ടീമിലും അംഗമായിരുന്നു.

Tags:    
News Summary - Barcelona star Lamine Yamal picks his all-time XI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.