കൊച്ചി: ഐ.എസ്.എൽ 2025-26 സീസണിലെ അനിശ്ചിതാവസ്ഥ കേരള ബ്ലാസ്റ്റേഴ്സിനെയും ബാധിക്കുന്നു. ഇതിനകം ബ്ലാസ്റ്റേഴ്സിന്റെ എണ്ണം പറഞ്ഞ താരങ്ങളിൽ പലരും കൂടുവിട്ട് പോയി. എന്നാൽ, ഇതിനനുസരിച്ച് പുതിയ സൈനിങ്ങൊന്നും കാര്യമായി നടന്നിട്ടില്ല.
ഐ.എസ്.എൽ ഇത്തവണ നടക്കുമോയെന്ന ചർച്ച കായികലോകത്ത് ചൂടുപിടിക്കുമ്പോഴും മറ്റു മുൻനിര ക്ലബുകളെല്ലാം കൃത്യമായ സൈനിങ് നടത്തുകയും പരിശീലനം തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പുതിയ സീസണിലേക്ക് മൂന്നുപേരെ മാത്രമാണ് പുതുതായി കേരള ബ്ലാസ്റ്റേഴ്സ് ടീമിലെടുത്തിട്ടുള്ളത്. പ്രതിരോധ താരങ്ങളായ അമെയ് രണവാഡെ, സുമിത് ശർമ, ഗോൾകീപ്പർ അർഷ് ഷെയ്ഖ് എന്നിവരാണ് പുതുതായി ടീമിൽ ഇടംപിടിച്ചത്.
എന്നാൽ, ക്ലബ് വിട്ടുപോയവരെല്ലാം ടീമിന്റെ നെടുംതൂണുകളായിരുന്നു. സാധാരണഗതിയിൽ പ്രീ സീസൺ പരിശീലനം തുടങ്ങേണ്ട സമയമായിട്ടും ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങിയിട്ടില്ല. സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ജീസസ് ജെമിനിസ്, മോണ്ടിനെഗ്രൻ പ്രതിരോധ ഭടൻ മിലോസ് ഡ്രിൻസിച്ച്, ഘാന ഫുട്ബാളിന്റെ കരുത്തായിരുന്ന ക്വാമെ പെപ്ര തുടങ്ങിയ വിദേശ താരങ്ങളാണ് കഴിഞ്ഞ കുറച്ചുകാലത്തിനിടെ ബ്ലാസ്റ്റേഴ്സിൽനിന്ന് പടിയിറങ്ങിയത്. കൂടാതെ ഇഷാൻ പണ്ഡിത, ഗോൾകീപ്പർ കമൽജീത് സിങ് എന്നിവരും ടീം വിട്ടു.
ഐ.എസ്.എൽ നടക്കുമോയെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ സീസണിൽ ടോപ് സ്കോററായ ജെമിനിസ് ക്ലബിൽ നിന്നിറങ്ങിയത്. നിലവിൽ നായകനായ അഡ്രിയാൻ ലൂണ, മൊറോക്കൻ മുന്നേറ്റതാരം നോഹ സദൂയി, ഇക്കഴിഞ്ഞ ജനുവരിയിൽ ടീമിലെത്തിയ മോണ്ടിനെഗ്രൻ താരം ദുസാൻ ലഗാറ്റോർ തുടങ്ങി വിരലിലെണ്ണാവുന്ന വിദേശതാരങ്ങൾ മാത്രമേ ക്ലബിൽ തുടരുന്നുള്ളൂ. ഇവരും ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയിലാണെന്നാണ് സൂചന.
മറ്റു ക്ലബുകളിൽനിന്ന് ഓഫർ വന്നിട്ടും 2027 വരെ കരാറുള്ള ലൂണ ക്ലബിൽ തുടരുകയാണ്. എന്നാൽ, ഐ.എസ്.എല്ലിന്റെ ഭാവിതന്നെ അനിശ്ചിതത്വത്തിലായ സ്ഥിതിക്ക് ലൂണയും സദൂയിയും തുടരുമോയെന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. ഐ.എസ്.എൽ പ്രതിസന്ധി പരിഹരിക്കണമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കഴിഞ്ഞ ദിവസം എ.ഐ.എഫ്.എഫിനോടും കേന്ദ്ര കായിക, യുവജന മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു.
കെ.ബി.എഫ്.സിയും മഞ്ഞപ്പടയും ചേർന്ന് നടത്തിയ യോഗത്തിലും ഐ.എസ്.എൽ അനിശ്ചിതാവസ്ഥയുൾപ്പെടെ ചർച്ചയായിരുന്നു. ഇതിനിടെ തുടങ്ങാൻ അൽപം വൈകിയാലും സീസൺ മുടങ്ങില്ലെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകരിൽ ഒരുവിഭാഗം. പ്രശ്നം പരിഹരിച്ച് ഡിസംബറിൽ സീസൺ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.