ചേരിയം മലയുടെ ഏറ്റവും ഉയരത്തിലുള്ള കൊടികുത്തിക്കല്ലിൽ നിന്നുള്ള കാഴ്ച
മങ്കട: കോട മൂടുന്ന അന്തരീക്ഷവും കുളിരേകും കാറ്റും വെള്ളച്ചാട്ടങ്ങളും വിസ്മയക്കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിക്കുകയാണ് ചേരിയം മല. സംസ്ഥാനത്തു തന്നെ ഒറ്റപ്പെട്ടു നിൽക്കുന്ന മലകളിൽ ഏറ്റവും ഉയരം കൂടിയ മലയാണ് ചേരിയം മല. സമുദ്രനിരപ്പിൽനിന്ന് 2011 അടി ഉയരത്തിൽ നിൽക്കുന്ന മലയുടെ ഏറ്റവും മുകളിലായി സ്ഥിതിചെയ്യുന്ന കൊടികുത്തിക്കല്ല് വിസ്മയ കാഴ്ചകളുടെ കേന്ദ്രമാണ്.
തെളിഞ്ഞ അന്തരീക്ഷമുള്ള സമയത്ത് കൊടികുത്തിക്കല്ലിൽ നിന്നാൽ അറബിക്കടൽ വരെ കാണാനാകും എന്നാണ് പറയപ്പെടുന്നത്. ബ്രിട്ടീഷുകാർ വന്ന് കൊടിനാട്ടിയത് കൊണ്ടാണ് ഈ കല്ലിന് കൊടികുത്തിക്കല്ല് എന്ന് പേര് വന്നതെന്നാണ് ചരിത്രം. ഇതിനോട് ചേർന്നുതന്നെ മലബാർ സമര കാലത്ത് ബ്രിട്ടീഷുകാർ സ്ഥാപിച്ച പൊലീസ് വയർലെസ് സ്റ്റേഷനും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
ചേരിയം മലയും പന്തല്ലൂർ മലയും അതിർത്തി പങ്കിടുന്ന ഭാഗം കൂടിയാണ് പ്രദേശം. കൂടാതെ മേഘാവൃതമായ വിസ്മയ കാഴ്ചകളും സദാസമയം വീശിയടിക്കുന്ന തണുത്ത കാറ്റും സഞ്ചാരികളെ ആകർഷിക്കുന്നു. മുൻ എം.എൽ.എ ടി.എ. അഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ ഈ ഭാഗം ഉൾക്കൊള്ളുന്ന ടൂറിസം പദ്ധതിയെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു.
രണ്ടായിരത്തോളം ഏക്കർ വരുന്ന ചേരിയം മലയിൽ മുന്നൂറോളം ഏക്കർ വനഭൂമിയുണ്ട്. ഈ പ്രദേശം കൂടി ഉൾപ്പെടുത്തിയാണ് ടൂറിസം പദ്ധതിക്ക് ഒരുക്കങ്ങൾ നടത്തിയത്. ഈയടുത്തകാലത്ത് ചെകുത്താൻപാറ എന്ന് പ്രസിദ്ധമായ പുളിച്ചി കല്ല്, ഉപ്പുപാറ, പുരാതന കാലത്തെ ഗുഹാവശിഷ്ടങ്ങൾ, ഒളിസങ്കേതങ്ങൾ, വീരാൻ ഔലിയയുടെ കാലടി, ആദിവാസി ജീവിതത്തിന്റെ ശേഷിപ്പുകൾ തുടങ്ങി ചരിത്രങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ ഒട്ടേറെ സംഭവങ്ങളും കാഴ്ചകളും ചേരിയം മലയിലുണ്ട്. എന്നാൽ സഞ്ചാരികൾക്ക് സഹായകരമാകുന്ന രീതിയിലുള്ള യാത്രാമാർഗങ്ങളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒന്നും ഇല്ലാത്തതിനാൽ കൊടികുത്തി കല്ലിലേക്കുള്ള യാത്ര ദുഷ്കരവും അപകടകരവുമാണ്. പടിഞ്ഞാറ് കുരങ്ങൻചോല വഴിയും കിഴക്ക് ഉപ്പുപ്പാറ ഭാഗത്തുകൂടെയും വടക്ക് പന്തല്ലൂർ ഭാഗത്തുകൂടെയും സാഹസികമായി യാത്ര ചെയ്താൽ കൊടികുത്തിക്കല്ലിൽ എത്തിച്ചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.