നമ്പികുളം-കാറ്റുള്ളമല ടൂറിസം കേന്ദ്രവും സഞ്ചാരികൾക്കായി നിർമിച്ച വാച്ച്ടവറും
ബാലുശ്ശേരി: കാട്ടുപോത്ത് ഭീഷണി കാരണം നമ്പികുളം കാറ്റുള്ളമല ടൂറിസം കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരികൾക്ക് വിലക്ക്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെയാണ് നമ്പികുളം ഭാഗത്ത് കാട്ടുപോത്തിനെ കണ്ടതായി റിസോർട്ട് ഉടമ അറിയിച്ചത്.
റോഡിലൂടെ ഓടി വന്ന കാട്ടുപോത്തിന്റെ മുന്നിൽനിന്ന് റിസോർട്ട് ഉടമ ലിഞ്ചു എസ്തപ്പാൻ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയിലേക്കാണ് ഓടി മറഞ്ഞതെന്ന് ലിഞ്ചു പറഞ്ഞു. ഇതേതുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും കൂരാച്ചുണ്ട് പഞ്ചായത്തധികൃതരും ചേർന്ന് ഒരറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏർപ്പെടുത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ വർഷം കക്കയം ഡാം സൈറ്റ് റോഡിലെ സ്വകാര്യ തോട്ടത്തിലിറങ്ങിയ കാട്ടുപോത്ത് കർഷകനെ കുത്തി കൊലപ്പെടുത്തിയിരുന്നു. കക്കയം ഡാമിലെ ഹൈഡൽ ടൂറിസം ചിൽഡ്രൻസ് പാർക്കിൽവെച്ച് വിനോദ സഞ്ചാരിയായ സ്ത്രീയെ കാട്ടുപോത്ത് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമുണ്ടായി. നമ്പികുളത്ത് കാട്ടുപോത്ത് സാന്നിധ്യം ഉണ്ടായതിനെതുടർന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കക്കയം, കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം കേന്ദ്രങ്ങളിലേക്കെത്തുന്ന സാഹസിക സഞ്ചാരികൾ നമ്പികുളം-കാറ്റുള്ള മല വ്യൂ പോയന്റിലേക്കും എത്താറുണ്ട്. പ്രധാന റോഡിൽനിന്ന് മൂന്നു കിലോമീറ്റർ ഓഫ് റോഡിൽ സഞ്ചരിച്ചുവേണം നമ്പികുളം ഹിൽടോപ്പിലെത്താൻ. ഇവിടെ ടൂറിസം വകുപ്പ് വാച്ച്ടവർ നിർമിച്ചിട്ടുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 2500 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന നമ്പികുളം കാറ്റുള്ള മലയിൽനിന്നുള്ള കാഴ്ച മനംകുളിർപ്പിക്കുന്നതും നയനാനന്ദകരവുമാണ്. ബാലുശ്ശേരി മണ്ഡലത്തിൽപ്പെട്ട ഇവിടെ ഒട്ടേറെ വികസന പദ്ധതികൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.