മനുഷ്യക്കുരുതി തുടർന്ന് ഇസ്രായേൽ; ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 104 പേർ, 37 പേർ മരിച്ചത് ഭക്ഷണ വിതരണ കേന്ദ്രത്തിൽ

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 104 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ഇതിൽ 37 പേർ റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ കാത്തുനിന്നവരാണ്. ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ടവർ 58,765 ആയി. 1,40,485 പേർക്ക് പരിക്കേറ്റു.

ആയിരക്കണക്കിന് ഫലസ്തീനികൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. മൂന്നിലൊന്നുപേർ ദിവസങ്ങൾ കൂടുമ്പോഴാണ് വല്ലതും കഴിക്കുന്നത്. മറ്റു വഴികളെല്ലാം അടച്ച് അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ നടത്തുന്ന ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷ​ൻ വഴിയാക്കി ഭക്ഷണ വിതരണം.

ഇവിടെ ഭക്ഷണം കാത്തുനിൽക്കുന്നവർക്കു നേരെ പ്രകോപനമില്ലാതെ വെടിവെച്ചും ഡ്രോൺ ആക്രമണം നടത്തിയും കൂട്ടക്കൊല തുടരുകയാണ്. ശുദ്ധജലമില്ലാതെ പകർച്ച രോഗങ്ങൾ വ്യാപിക്കുന്നതായും റിപ്പോർട്ടുണ്ട്. അതിനിടെ ഗസ്സയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ ഇസ്രായേലിന്റെ പ്രവേശനാനുമതി തേടി റഫ അതിർത്തിയിൽ കാത്തുകിടക്കുകയാണെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭ ഏജൻസി അറിയിച്ചു. മാർച്ച് രണ്ടുമുതൽ പൂർണ ഉപരോധമാണ് ഇസ്രാ​യേൽ ഏർപ്പെടുത്തിയത്.

രണ്ടുവർഷത്തിനു ശേഷം ഗസ്സയിലെ വിദ്യാർഥികൾ പരീക്ഷയെഴുതി

ഇസ്രായേൽ ആക്രമണം അതിരൂക്ഷമായി തുടരുന്നതിനിടെ ഗസ്സയിലെ നൂറുകണക്കിന് വിദ്യാർഥികൾ സെക്കൻഡറി പരീക്ഷയെഴുതി. 2023 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഗസ്സയിൽ പരീക്ഷ നടത്തുന്നത്. 1500 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിരുന്നു.

പ്രത്യേക സോഫ്റ്റ്​വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് ഗസ്സ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സർവകലാശാല പഠനമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് സെക്കൻഡറി പരീക്ഷ. ഇന്റർനെറ്റ്, വൈദ്യുതി ബന്ധങ്ങൾ അവതാളത്തിലായതിനാൽ ലഭ്യമായ സ്ഥലങ്ങളിലെത്തി പരീക്ഷയെഴുതാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. ഇന്റർനെറ്റ് ലഭ്യത ഉൾപ്പെടെ പരിശോധിക്കാൻ കഴിഞ്ഞ ദിവസം മോക് ടെസ്റ്റ് നടത്തിയിരുന്നു.

Tags:    
News Summary - 104 Palestinians killed as Israel targets aid sites in Gaza again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.