അലാസ്ക: യു.എസ് സംസ്ഥാനമായ അലാസ്‌ക തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ (യു.എസ്.ജി.എസ്) അറിയിച്ചു. സാന്‍ഡ് പോയിന്റ് എന്ന ദ്വീപ് നഗരത്തില്‍നിന്ന് ഏകദേശം 87 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം 12.37ഓടെയാണ് സംഭവം. ഭൂചലനത്തിന് പിന്നാലെ തെക്കന്‍ അലാസ്‌കയിലും അലാസ്‌ക ഉപദ്വീപിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്കന്‍ അലാസ്‌കയിലും അലാസ്‌ക ഉപദ്വീപിലും, അലാസ്‌കയിലെ കെന്നഡി എന്‍ട്രന്‍സ് മുതല്‍ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്. പ്രാഥമിക വിവരങ്ങളനുസരിച്ച്, വളരെ അകലെയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം (എന്‍.ടി.ഡബ്ല്യു.സി) അറിയിച്ചു. താരതമ്യേന ആഴം കുറഞ്ഞ ഭൂകമ്പമാണ് ഉണ്ടായതെങ്കിലും ഇത് ഉപരിതല തലത്തിലുള്ള ആഘാതത്തിനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നും യു.എസ്.ജി.എസ് അറിയിച്ചു. ഭൂകമ്പ സാധ്യതയേറിയ പസഫിക് 'റിങ് ഓഫ് ഫയറി'ന്റെ ഭാഗമാണ് അലാസ്‌ക.
7.0 മുതല്‍ 7.9 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ വലിയ ഭൂകമ്പമായാണ് കണക്കാക്കുന്നത്. വലിയ നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. 2023 ജൂലൈയിൽ അലാസ്‌കന്‍ ഉപദ്വീപില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 1964 മാര്‍ച്ചില്‍ 9.2 തീവ്രത രേഖപ്പെടുത്തിയതാണ് അലാസ്‌കയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പം. അന്ന് 250ലധികം ആളുകള്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.