ഡമാസ്കസ്: സിറിയയിൽ ചാനൽ ഓഫീസിന് സമീപം ഇസ്രായേൽ ബോംബ് സ്ഫോടനം. ലൈവ് ടെലികാസ്റ്റിനിടെയാണ് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ ലൈവ് നിർത്തി വാർത്താ അവതാരക പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഈ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധമന്ത്രി കാറ്റ്സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. ഡമാസ്കസിനുള്ള മുന്നറിയിപ്പുകൾ അവസാനിച്ചു. ഇനി വേദനയുണ്ടാക്കുന്ന തിരിച്ചടികളാണ് അവരെ കാത്തിരിക്കുന്നത്. ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങൾ സിറിയയിൽ തുടരുമെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.
ദക്ഷിണ സിറിയയിലെ സുവൈദയിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുകയാണ്. നിരവധി പേർ ആക്രമണങ്ങളിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്. തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി സിറിയയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്.
സിറിയൻ നഗരമായ സുവൈദയിൽ ഡ്രൂസ് സായുധ സംഘങ്ങളും പ്രാദേശിക വിഭാഗങ്ങളും തമ്മിലെ വെടിനിർത്തൽ പാളിയതിനു പിന്നാലെയാണ് സിറിയൻ സൈനിക തലസ്ഥാനത്ത് ബോംബിട്ട് ഇസ്രായേൽ. ബുധനാഴ്ച വൈകീട്ടോടെ ഡമസ്കസിലെ സൈനിക ആസ്ഥാനത്ത് പ്രവേശന കവാടവും പരിസരവുമാണ് ബോംബിട്ട് തകർത്തത്.
ഡ്രൂസുകൾക്കു നേരെ സിറിയൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം. സിറിയൻ പ്രതിരോധ മന്ത്രാലയത്തിനു സമീപവും ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. തെക്കൻ സിറിയയിലെ സുവൈദയിൽ ഡ്രൂസുകളും തദ്ദേശീയരായ മറ്റു വിഭാഗവും തമ്മിലെ സംഘർഷത്തെ തുടർന്ന് സിറിയൻ സേന ഇറങ്ങി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.