വാഷിങ്ടൺ: മെയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിൽ ‘അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടു’ എന്ന പുതിയ വെളിപ്പെടുത്തലുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുടെയും സംയുക്ത നഷ്ടമാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിനുണ്ടായ നഷ്ടമാണോ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, തന്റെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ-പാക് അവസാനിച്ചതെന്ന വാദം അദ്ദേഹം ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ സെനറ്റർമാർക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും പാകിസ്താനും... വാസ്തവത്തിൽ, വിമാനങ്ങൾ ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു... നാലോ അഞ്ചോ. പക്ഷേ അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ഞാൻ കരുതുന്നു... അത് കൂടുതൽ വഷളായിക്കൊണ്ടിരുന്നു, അല്ലേ? അത് കൈവിട്ട് പോകുന്നതുപോലെ തോന്നി. ഇവ രണ്ട് ഗുരുതരമായ ആണവ രാജ്യങ്ങളാണ്, അവ പരസ്പരം പോരടിക്കുകയായിരുന്നു. വളരെ ശക്തമായ ആണവ രാഷ്ട്രങ്ങളാണ് രണ്ടും. വ്യാപാരത്തിലൂടെയാണ് ഞങ്ങൾ അത് പരിഹരിച്ചത്. നമ്മൾ ഒരുപാട് യുദ്ധങ്ങളാണ് പരിഹരിച്ചത്. ഗൗരവതരമായ യുദ്ധങ്ങളായിരുന്നു അവ -ട്രംപ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. മേയ് 10ന് വെടിനിർത്തൽ ധാരണയിലെത്തുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ്, ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് റഫാൽ യുദ്ധവിമാനം നഷ്ടമായെന്ന റിപ്പോർട്ടുകൾ തള്ളി റഫാലുകൾ നിർമിക്കുന്ന ദസോ ഏവിയേഷൻ ചെയർമാനും സി.ഇ.ഒയുമായ എറിക് ട്രാപ്പിയർ രംഗത്തുവന്നിരുന്നു. ഏറെ ഉയരത്തിൽ വെച്ച് സാങ്കേതിക തകരാർ മൂലമാണ് ഇന്ത്യക്ക് ഒരു റഫാൽ ജെറ്റ് നഷ്ടപ്പെട്ടതെന്നും ശത്രുക്കളുടെ ഇടപെടലോ ശത്രുതാപരമായ റഡാർ സമ്പർക്കമോ ഇല്ലാതെയാണ് തകരാർ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഓപറേഷൻ സിന്ദൂന്റിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് നഷ്ടം സംഭവിച്ചതായി സമ്മതിച്ചിരുന്നെങ്കിലും റഫാൽ ഉൾപ്പെടെ ആറ് ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിട്ടെന്ന പാക് അവകാശവാദം നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.