വാഷിങ്ടണ്‍: പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം ലൈംഗികാവശ്യത്തിന് കാഴ്ചവെച്ചുവെന്ന പരാതിയിൽ ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് ബന്ധമുണ്ടെന്നും അശ്ലീല ജന്മദിന സന്ദേശം അയച്ചുവെന്നും വാർത്ത നൽകിയതിനെതിരെ മാനനഷ്ടക്കേസ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാധ്യമഭീമൻ റൂപര്‍ട്ട് മാര്‍ഡോക്കിനും വാള്‍ സ്ട്രീറ്റ് ജേര്‍ണലിനുമെതിരെയാണ് 1,000 കോടി ഡോളർ നഷ്ടപരിഹാരം തേടി മാനഷ്ടക്കേസ് നല്‍കിയത്.
ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ വരച്ച് 2003ല്‍ ജെഫ്രി എപ്സ്റ്റീന് പിറന്നാള്‍ ആശംസാ കാര്‍ഡ് അയച്ചെന്നുള്ള വാര്‍ത്തയ്‌ക്കെതിരെയാണ് കേസ് നല്‍കിയത്. ഡൗ ജോൺസ്, ന്യൂസ് കോർപ്പ്, റൂപർട്ട് മർഡോക്ക്, വാൾസ്ട്രീറ്റ് ജേണലിലെ രണ്ട് റിപ്പോർട്ടർമാർ എന്നിവർക്കെതിരെ വെള്ളിയാഴ്ച മിയാമി കോടതിയിൽ കേസ് ഫയൽ ചെയ്തു.
‘തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാര്‍ത്ത നല്‍കിയ എല്ലാവര്‍ക്കുമെതിരെ ‘പവര്‍ഹൗസ്’ കേസ് നല്‍കി. ഈ കേസില്‍ റൂപര്‍ട്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മണിക്കൂറുകള്‍ മൊഴി നല്‍കേണ്ടി വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാരും ബിസിനസുകാരും സെലിബ്രിറ്റികളുമടക്കമുള്ള ഉന്നതർക്ക് പീഡനത്തിനിരയാക്കാൻ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയടക്കം കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ടയാളാണ് ജെഫ്രി എപ്‌സിറ്റീന്‍. കരീബിയന്‍ ദ്വീപിലും ന്യൂയോര്‍ക്ക്, ഫ്ലോറിഡ, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലും എപ്സ്റ്റീനും അതിഥികളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി സ്ത്രീകള്‍ നേരത്തെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു.
14കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 2005ലാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിച്ചത്. 36 പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തി. 2008ല്‍ ശിക്ഷിക്കപ്പെട്ടു. പിന്നീട് 2019 ജൂലൈയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയെന്ന കുറ്റത്തിന് വീണ്ടും അറസ്റ്റിലായി. ബാലലൈംഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ഇയാൾ 2019 ആഗസ്റ്റില്‍ ജയിലില്‍ ആത്മഹത്യ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.