ലോസ് ആഞ്ചലസ്: ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ച് കയറി 28പേർക്ക് പരിക്ക്. സാന്ത മോണിക്ക ബൊളിവാർഡിലാണ് സംഭവം. പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും ആറുപേരുടെ നില ഗുരുതരമാണെന്നും അഗ്നിശമന വിഭാഗം അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരാൾക്ക് വെടിയേറ്റ മുറിവ് കണ്ടെത്തിയതായും അഗ്നിശമന ഉദ്യോഗസ്ഥൻ പറഞ്ഞു.
നിശ ക്ലബിലേക്ക് പ്രവേശനത്തിനായി കാത്തുനിൽക്കുന്നവർക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ആൾക്കൂട്ടത്തിൽ അധികവും സ്ത്രികളായിരുന്നു. 'ടാക്കോ കാർട്ടിൽ നിന്ന് ഭക്ഷണം വാങ്ങി നൈറ്റ്ക്ലബ്ബിലേക്ക് കയറാൻ ക്യൂവിൽ കാത്തു നിൽക്കുകയായിരുന്നു'- അഗ്നിശമന ഉദ്യോഗസ്ഥൻ ആദം വാൻ ഗെർപെൻ പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ട ശേഷം കാർ ടാക്കോ കാർട്ടിലേക്കും ആൾക്കൂട്ടത്തിലേക്കും ഇടിച്ചുകയറിയതായി വാൻ ഗെർപെൻ പറഞ്ഞു. കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുന്നതിന് മുമ്പ് വെടിവെപ്പ് നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതുവരെ സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.