കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കാന്‍ 50 കോടിയുടെ മെഗാ പദ്ധതി
text_fieldsകൊച്ചി: കൊച്ചിയെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രമാക്കാൻ (എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ് ലക്ഷ്യമിട്ട് 50 കോടിയുടെ പദ്ധതിയുമായി കൊച്ചിന് ഇന്റര്‍നാഷനല്‍ ഏവിയേഷന്‍ സര്‍വീസ് ലിമിറ്റഡ്. വിമാന അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി വിമാനത്താവളത്തിൽ നിർമിക്കുന്ന മൂന്നാമത്തെ കൂറ്റന്‍ ഹാങ്ങറിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് സി.ഐ.എ.എസ്.എല്‍ ചെയര്മാന് എസ്. സുഹാസ് തുടക്കം കുറിച്ചു.
53,800 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിർമിക്കുന്ന ഹാങ്ങറിനോട് ചേർന്ന് 7000 ചതുരശ്ര അടിയിൽ പ്രത്യേക ഓഫിസ്, വർക് ഷോപ്പ്, കംപോണന്റ് റിപെയറിനും നോൺ-ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗിനുമുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കും. എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിനു പുറമെ നാഗ്പുര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് രാജ്യത്തെ പ്രധാന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കേന്ദ്രങ്ങൾ. കേരളത്തില്‍ കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും സംവിധാനമുണ്ട്. എന്നാല്‍, റണ്‍വേയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പശ്ചാത്തല സൗകര്യം കൊച്ചിയില്‍ മാത്രമാണ്.
നിലവിലെ ഹാങ്ങറുകളില്‍ ഒരേസമയം ഒരു വിമാനത്തിന് മാത്രം അറ്റകുറ്റപ്പണി സാധ്യമാകുമ്പോള്‍, പുതിയ ഹാങ്ങറില്‍ ഒരേസമയം രണ്ട് വിമാനങ്ങളെ ഉള്‍ക്കൊള്ളാം. പുതിയ ഹാങ്ങറിനോട് ചേന്ന് പാര്‍ക്കിങ് സൗകര്യവുമുണ്ടാകും. കേരളത്തില്‍ ആദ്യമായാണ് വിമാനങ്ങള്‍ക്കായി ഇത്തരമൊരു സംവിധാനം. 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ പാര്‍ക്കിങ് ഏരിയയില്‍ ഒരേസമയം 13 വിമാനങ്ങള്‍ വരെ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാം. പുതിയ പദ്ധതിയിലൂടെ നാനൂറിലധികം പേര്‍ക്ക് നേരിട്ടും ആയിരത്തിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് എസ്. സുഹാസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.