അതിസമ്പന്നർക്ക് ഔദാര്യം; എഴ് വർഷത്തിനിടെ എസ്.ബി.ഐ എഴുതിത്തള്ളിയത് 96,588 കോടി
text_fieldsകൊച്ചി: നൂറ് കോടി രൂപക്ക് മുകളിൽ വായ്പയെടുത്ത് തിരിച്ചവടവ് തെറ്റിച്ച അതിസമ്പന്നർക്ക് ഏഴ് വർഷത്തിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് നൽകിയ ‘ഔദാര്യം’ 96,588 കോടി രൂപ. 1,44,967 കോടി രൂപ വായ്പ നൽകിയ 279 അക്കൗണ്ടുകളിൽ 67 ശതമാനം തുകയാണ് ‘ഹെയർ കട്ട്’ എന്ന് വിശേഷിപ്പിക്കുന്ന സംവിധാനത്തിലൂടെ എഴുതിത്തള്ളിയത്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റേത് (എൻ.സി.എൽ.ടി) ആണ് നടപടി.
എസ്.ബി.ഐ ഓഹരി ഉടമ കൂടിയായ പുനെയിലെ വിവരാവകാശ പ്രവർത്തകൻ വിവേക് വെലാംഗർ എന്നയാൾക്ക് ബാങ്ക് നൽകിയതാണ് ഈ വിവരം. അതേസമയം, 100 കോടിക്ക് മുകളിൽ വായ്പ എടുത്ത് തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ പേര് വിവരങ്ങൾ ലഭ്യമാക്കണമെന്ന അപേക്ഷ ബാങ്ക് നിരസിച്ചു. 2020ൽ സമാനമായ വിവരങ്ങൾ വിവേകിന് നൽകിയ എസ്.ബി.ഐ പിന്നീട് ഇത്തരം വിവരങ്ങൾ നൽകാൻ വിസമ്മതിക്കുകയാണ്.
2016-‘17 മുതൽ 2024-‘25 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 100 കോടിക്ക് മുകളിൽ വായ്പയെടുത്ത് തിരിച്ചടവ് വീഴ്ച വരുത്തി എഴുതിത്തള്ളിയവരുടെയും 2017-‘18 മുതൽ 2024-‘25 വരെ എൻ.സി.എൽ.ടി മുഖേന വായ്പ തീർപ്പാക്കിയവരുടെയും വിവരങ്ങളാണ് വിവേക് ചോദിച്ചത്. ഇടപാടുകാരെയും അക്കൗണ്ടും സംബന്ധിച്ച ഒരു വിവരവും എസ്.ബി.ഐ ആക്ട് പ്രകാരം വെളിപ്പെടുത്താൻ നിർവാഹമില്ല എന്നാണ് മറുപടി നൽകിയത്. ‘ഹെയർ കട്ട്’ എന്ന പ്രക്രിയയിലൂടെ ഓരോ വർഷവും അതിസമ്പന്നർക്ക് പതിനായിരക്കണക്കിന് കോടിയുടെ ഇളവ് അനുവദിക്കുന്ന എസ്.ബി.ഐ അടക്കമുള്ള ബാങ്കുകൾ സാധാരണക്കാരുടെ ചെറുകിട വായ്പ തിരിച്ചുപിടിക്കാൻ കാണിക്കുന്ന അത്യുത്സാഹം പലപ്പോഴും വിവാദങ്ങക്ക് വഴിവെച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.