ഇന്ത്യയുടെ ഭാവി വളർച്ച നിയന്ത്രിക്കുന്നതും തൊഴിൽ ദാതാക്കളാകുന്നതും ഈ 15 നഗരങ്ങളാകുമെന്ന് വിലയിരുത്തൽ, അവയേതെന്ന് അറിയാം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ഭാവി വളർച്ചയും നവീകരണവും നിയന്ത്രിക്കുന്നതും തൊഴിൽ ദാതാക്കളാകുന്നതും ഇന്ത്യയിലെ ഈ 15 നഗരങ്ങളാകുമെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യയുടെ ജി.ഡി.പിയുടെ 30 ശതമാനവും സംഭാവന ചെയ്യുന്നതും ഈ 15 നഗര കേന്ദ്രങ്ങളാണ്. അവയേതെന്നല്ലേ.. മുംബൈ, ന്യൂഡൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, അഹമ്മദാബാദ്, പൂനെ, സൂററ്റ്, കോയമ്പത്തൂർ, നോയിഡ/ഗ്രേറ്റർ നോയിഡ, കൊച്ചി, ഗുരുഗ്രാം, വിശാഖപട്ടണം, നാഗ്പൂർ എന്നിവയാണ് ആ 15 നഗരങ്ങൾ.
കേരളത്തിൽ നിന്നും കൊച്ചി മാത്രമാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. 2047 ഓടെ ഇന്ത്യ 30 ലക്ഷം കോടി ഡോളറിലധികം വലിപ്പമുള്ള സമ്പദ്‌വ്യവസ്ഥയാകാനുള്ള നീക്കത്തെ നയിക്കുന്നതും ഈ നഗരങ്ങളാകുമെന്നാണ് കണക്കുകൂട്ടൽ.
എന്നിട്ടും ഈ നഗരങ്ങൾക്ക് അർഹമായത് ലഭിക്കുന്നില്ലെന്നാണ് നിരീക്ഷണം. കടുത്ത വായു മലിനീകരണം, വെള്ളപ്പൊക്കം, ജലക്ഷാമം, ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അഭാവം, മാലിന്യം, ചേരികൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഈ നഗരങ്ങൾ നേരിടുന്നുണ്ട്. ശരിയായ ആസൂത്രണമോ ഭരണകേന്ദ്രങ്ങളോ ഇല്ലാതെയാണ് ഈ നഗരങ്ങൾ വികസിച്ചത് എന്നത് കൂടിയാണ് ഇതിന്‍റെ കാരണം.
ബാങ്കോക്ക്, ലണ്ടൻ, ദുബായ്, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങൾ സന്ദർശിക്കാൻ ലോകത്തെ ദശലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഇന്ത്യൻ നഗരങ്ങൾ അവരുടെ ലക്ഷ്യസ്ഥാനങ്ങളായി മാറുന്നില്ല. ലോകത്തെ ഏറ്റവും മാലിന്യമുള്ള 50 നഗരങ്ങളിൽ 42 എണ്ണവും ഇന്ത്യയിലാണ്. വായുമലിനീകരണമാണ് ഇവിടത്തെ പ്രധാന പ്രശ്നം. മാലിന്യ സംസ്ക്കരണം, ജലക്ഷാമം പരിഹരിക്കൽ എന്നിവയിലെല്ലാം സർക്കാർ മുൻകൈ എടുത്താൽ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നമ്മുടെ നഗരങ്ങൾക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.