ആറുമാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു, മൂന്നുവയസായപ്പോൾ അമ്മ പുനർവിവാഹിതയായി; മുത്തശ്ശിയുടെ തണലിൽ എല്ലാ വെല്ലുവിളികളും മറികടന്ന് ഐ.ഐ.ടിയിൽ എത്തിയ പെൺകുട്ടി
text_fieldsവീടില്ല. കുടുംബവുമില്ല. കൈയിൽ നയാ പൈസയുമില്ല. എന്നാൽ ഉറച്ച തീരുമാനങ്ങളുണ്ട്. വിജയം എന്നത് ഒരിക്കലും ഭാഗ്യം കൊണ്ട് കിട്ടുന്നതല്ല. കഠിനാധ്വാനവും ധൈര്യവുമാണ് വിജയത്തിന്റെ അവശ്യം വേണ്ട ഘടകങ്ങൾ. ജീവിതത്തിലെ കഠിന വഴികൾ താണ്ടി ഐ.ഐ.ടി വരെ എത്തിയ ഒരു പെൺകുട്ടിയെ കുറിച്ചാണ് പറയാൻ പോകുന്നത്. മൗസം കുമാരി.
മൗസമിന് ആറു മാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു. മൂന്നുവയസുള്ളപ്പോൾ അമ്മ വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. മുത്തശ്ശിയും അമ്മാവനുമാണ് പിന്നീട് മൗസമിനെ വളർത്തിയത്.
മാതാപിതാക്കൾ ഒപ്പമില്ലെങ്കിലും ആ കുഞ്ഞിന് ഏറ്റവും മികച്ചത് നൽകാൻ അവർ രണ്ടുപേരും മത്സരിച്ചു. മൗസം 10ാംക്ലാസിൽ പഠിക്കുമ്പോൾ മുത്തശ്ശി മരിച്ചു. ജീവിതത്തിൽ ആദ്യമായി ഒറ്റപ്പെട്ടതു പോലെ ആ പെൺകുട്ടിക്ക് തോന്നി. അനാഥയാക്കപ്പെട്ടതു പോലെ. മുത്തശ്ശിയുടെ മരണശേഷം ബന്ധുവീടുകളിൽ ഊഴമിട്ട് കഴിയാനായിരുന്നു മൗസമിന്റെ നിയോഗം. മുത്തശ്ശിയും അമ്മാവനുമായിരുന്നു അവളുടെ കരുത്ത്. അവർക്കായി എന്തുചെയ്യാനും അവൾ തയാറായിരുന്നു. നന്നായി പഠിക്കുമായിരുന്നു മൗസം. മികച്ച മാർക്കോടെ പേരക്കുട്ടി 10ാം ക്ലാസ് വിജയിച്ചപ്പോൾ മുത്തശ്ശിക്കും അമ്മാവനും വലിയ അഭിമാനം തോന്നി. മൗസമിനെ ഐ.ഐ.ടിയിൽ പഠിപ്പിക്കണം എന്നായിരുന്നു ആ മുത്തശ്ശിയുടെ ആഗ്രഹം. അത് നിറവേറ്റാമെന്ന് അവൾ ഉറപ്പുകൊടുത്തു. അപൂർവമായി മാത്രമേ നമ്മൾ പദ്ധതിയിടുന്നത് പോലെ കാര്യങ്ങൾ വരികയുള്ളൂ. വലിയ പ്രയാസങ്ങൾ നേരിടുമ്പോഴൊക്കെ മൗസം മുത്തശ്ശിയെ കുറിച്ച് ഓർക്കും. അങ്ങനെ 12ാം ക്ലാസും പിന്നിട്ട് ജെ.ഇ.ഇ പരീക്ഷയിൽ മികച്ച സ്കോറും സ്വന്തമാക്കി മുത്തശ്ശിയുടെ ആഗ്രഹം പോലെ മൗസമിന് ഐ.ഐ.ടിയിൽ പ്രവേശനം ലഭിച്ചു. ഗുവാഹത്തി ഐ.ഐ.ടിയിലായിരുന്നു പ്രവേശനം ലഭിച്ചത്.
സാമ്പത്തികമായിരുന്നു അടുത്ത വെല്ലുവിളി. ഫീസടക്കാൻ പോലും വഴിയില്ലാതെ ആ പെൺകുട്ടി വല്ലാതെ വിഷമിച്ചു. പ്രവേശനം കിട്ടിയപ്പോൾ മുതൽ ലഭ്യമായ എല്ലാ സ്കോളർഷിപ്പുകൾക്കും അപേക്ഷ അയച്ചിരുന്നു. വിദ്യാഭ്യാസ സംബന്ധമായ ചെലവുകൾക്കും ഭക്ഷണത്തിനും താമസത്തിനും ആ സ്കോളർഷിപ്പുകൾ സഹായിച്ചു.
ഐ.ഐ.ടിയിലെ സുഹൃത്തുക്കൾ മൗസമിന് വലിയ സാന്ത്വനമായിരുന്നു. അവളുടെ ജീവിത പശ്ചാത്തലത്തെ കുറിച്ച് അവർ ചോദിച്ചറിഞ്ഞു. കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി. ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാനും മികച്ച സി.വി തയാറാക്കാനും ഇന്റർവ്യൂ എങ്ങനെ നന്നായി നേരിടാമെന്നും അവർ പഠിപ്പിച്ചു. ആ പെൺകുട്ടി കൂടുതൽ കരുത്തുള്ളവളായി മാറി. സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തയായി. ആ സുഹൃത്തുക്കളായിരുന്നു അവളുടെ കുടുംബം. ഐ.ഐ.ടിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയതിന് പിന്നാലെ ഒരു ബാങ്കിൽ മികച്ച ശമ്പളത്തിൽ ജോലി കിട്ടി. കൂടുതൽ മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ മൗസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.