‘സെറ്റ്’ രജിസ്ട്രേഷൻ 28 വരെ; 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദവും ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം
text_fieldsഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനായുള്ള യോഗ്യതാ നിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്-ജൂലൈ 2025) ഓൺലൈനിൽ മേയ് 28 വൈകീട്ട് അഞ്ചു മണി വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷാ ചുമതല എൽ.ബി.എസ് സെന്ററിനാണ്. വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും https://www.lbscentre.kerala.gov.inൽ ലഭിക്കും. പരീക്ഷാഫീസ് 1300 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 750 രൂപ.
സെറ്റ് പരീക്ഷക്ക് രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ-1 (ജനറൽ) ൽ പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും വിലയിരുത്തുന്ന 120 ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് ഓരോ മാർക്ക്. രണ്ടുമണിക്കൂർ സമയം.
പേപ്പർ രണ്ടിൽ 31 വിഷയങ്ങൾ ഉൾപ്പെടും. പി.ജി തലത്തിലുള്ള ഒരു വിഷയം തിരഞ്ഞെടുക്കാം. ഇതിനെ ആസ്പദമാക്കി 120 ചോദ്യങ്ങളുണ്ടാവും. ഓരോ മാർക്ക് വീതം. അതേസമയം മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾക്ക് 80 ചോദ്യങ്ങൾ വീതം. ഓരോ ചോദ്യത്തിനും 1.5 മാർക്ക്. രണ്ടുമണിക്കൂർ സമയം അനുവദിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങൾ. നെഗറ്റിവ് മാർക്കില്ല.
വിഷയങ്ങൾ: പേപ്പർ രണ്ടിൽ ഉൾപ്പെടുത്തിയ വിഷയങ്ങൾ-ആന്ത്രോപ്പോളജി, അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ഇസ്ലാമിക് ഹിസ്റ്ററി, ജേണലിസം, കന്നട, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, ഉർദു, സുവോളജി, ബയോടെക്നോളജി.
ജനറൽ വിഭാഗക്കാർ സെറ്റ് പാസാകുന്നതിന് പേപ്പർ ഒന്നിലും രണ്ടിലും 40 മാർക്ക് വീതവും മൊത്തത്തിൽ 48 മാർക്കും നേടണം. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗക്കാർ യഥാക്രമം 35, 45 വീതവും ഭിന്നശേഷിക്കാർ/എസ്.സി/എസ്.ടി വിഭാഗക്കാർ 35, 40 മാർക്ക് വീതവും നേടണം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദവും ഏതെങ്കിലും വിഷയത്തിൽ ബി.എഡും.
ആേന്ത്രാപ്പോളജി, കോമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് പി.ജിക്കാർക്ക് ബി.എഡ് ആവശ്യമില്ല. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്. പി.ജി നേടി ബി.എഡ് അവസാനവർഷം പഠിക്കുന്നവർക്കും ബി.എഡ് നേടി അവസാനവർഷ പി.ജി കോഴ്സിന് പഠിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.